തോട്ടിലേക്ക് മാലിന്യം തള്ളിയ രണ്ട് സ്ഥാപനങ്ങൾക്ക് അര ലക്ഷം പിഴ
text_fieldsഎടവണ്ണ: ചാലിയാറിലേക്ക് നേരിട്ടൊഴുകുന്ന വലിയ തോട്ടിലേക്ക് അജൈവ മാലിന്യം തള്ളിയ രണ്ട് സ്ഥപനങ്ങൾക്ക് എടവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് കാൽലക്ഷം രൂപ വീതം പിഴ ചുമത്തി. കുന്നുമ്മൽ ഭാഗത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്കാണ് ആരോഗ്യ വകുപ്പ് പിഴ അടക്കാൻ നോട്ടീസ് നൽകിയത്.
വലിയ തോട്ടിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം തള്ളുകയും പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്ത കുറ്റത്തിനാണ് നടപടി. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കാനും പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യം ഹരിതകർമ സേനക്ക് കൈമാറാനും നിർദേശിച്ചു. തുടർന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ നടപടി ഉണ്ടാവും.
വലിയതോതിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മേയിൽ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വലിയ തോട് ശുചീകരിച്ചിരുന്നു.
സീതി ഹാജി സ്റ്റേഡിയം മുതൽ ജമാലങ്ങാടി ഭാഗത്തുകൂടി ഒഴുകി ചാലിയാറിൽ പതിക്കുന്ന തോട് എടവണ്ണ പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്.