യാത്രക്കാരുടെ ശ്രദ്ധക്ക്, എടപ്പാൾ ടൗണിൽ ഗതാഗത പരിഷ്കാരം
text_fieldsട്രാഫിക് െറഗുലേറ്ററി യോഗത്തിന് മുന്നോടിയായി
കെ.ടി. ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ എടപ്പാൾ
മേൽപാലം സന്ദർശിച്ചപ്പോൾ
എടപ്പാൾ: ടൗണിൽ ഗതാഗത പരിഷ്കരണത്തിന് രൂപംനൽകി. കെ.ടി. ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിയിലാണ് തീരുമാനം. പട്ടാമ്പി റോഡ് ഒഴികെ മറ്റു മൂന്ന് റോഡുകളിലും നിലവിൽ വാഹന പാർക്കിങ് രീതി പൊളിച്ചെഴുതി. ഈ റോഡുകളിൽ നിലവിലെ ബസ്, ടാക്സി ഓട്ടോ, സ്റ്റാൻഡുകൾ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു.
പാലത്തിെൻറ 100 മീറ്റർ ഭാഗത്ത് കടകൾക്ക് മുന്നിൽ ഒരുവിധ സ്വകാര്യ വാഹനങ്ങളും നിർത്തിയിടാൻ പാടില്ല. പാലത്തിന് താഴെ ഉയരം കൂടിയ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ ഇറക്കുന്ന വലിയ വാഹനങ്ങൾക്ക് നിർത്തിയിടാം.
ഇതിന് പിൻവശത്തായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് മാത്രം പാർക്ക് ചെയ്യാം. നിശ്ചിത സമയം മാത്രമേ പാലത്തിന് താഴെ വാഹനം പാർക്ക് ചെയ്യാൻ അനുമതിയുള്ളൂ. ദീർഘദൂര യാത്രികർ ഒരു കാരണവശാലും പാലത്തിന് താഴെ വാഹനം നിർത്തിയിട്ട് പോകാൻ പാടില്ല.
ഇതിനായി പൊലീസ് പരിശോധന ഉണ്ടാകും. മേൽപാലം ഉദ്ഘാടനം ചെയ്ത ശേഷം ഗതാഗത പരിഷ്കാരം നടപ്പാക്കും. ഇതിന് മുന്നോടിയായി സിബ്രലൈൻ പാർക്കിങ് ബോർഡ്, സൈൻ ബോർഡ് എന്നിവ സ്ഥാപിക്കും. വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ്, എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് സി.വി. സുബൈദ, ജില്ല പഞ്ചായത്തംഗം പി.പി. മോഹൻദാസ്, ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ, വ്യാപാരി, ഓട്ടോ -ടാക്സി, ചുമട്ടുതൊഴിലാളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗത്തിന് മുമ്പ് എം.എൽ.എയുടെ നേതൃത്വത്തിൽ നാല് റോഡുകളിലെ നിലവിലെ സ്ഥിതി പരിശോധിച്ചു.
നാല് റോഡുകളിലെയും പരിഷ്കാരം ഇങ്ങനെ...
കുറ്റിപ്പുറം റോഡ്: നിലവിലെ ബസ് സ്റ്റോപ്പിൽ ഒരേസമയം രണ്ട് പ്രാദേശിക സർവിസ് ബസുകൾക്ക് മാത്രം നിർത്തിയിടാം. എമിറേറ്റിസ് മാളിന് സമീപം ഒരേസമയം ഒരോ കെ.എസ്.ആർ.ടി.സി, ദീർഘദൂര ബസുകൾക്ക് നിർത്തിയിടാൻ അനുമതി നൽകും. മാളിന് മുൻവശത്ത് റെഹാൻ കണ്ണാശുപത്രി റോഡിന് സമീപമായി എട്ട് ഓട്ടോകൾക്കും രണ്ട് ഗുഡ്സ് ഓട്ടോകൾക്കും പാർക്ക് ചെയ്യാം.
തൃശൂർ റോഡ്
ആലുക്ക ഗോൾഡ് പാലസിന് സമീപത്തെ ബസ് സ്റ്റോപ് 25 മീറ്റർ മുന്നിലേക്ക് മാറ്റി സ്ഥാപിക്കും. ഇവിടെ പ്രാദേശിക ബസുകൾക്ക് മാത്രം നിർത്തിയിടാൻ അനുമതി.
നേതാജി റോഡ് കഴിഞ്ഞുള്ള ഭാഗത്ത് ദീർഘദൂര, കെ.എസ്.ആർ.ടി.സി ബസുകൾക്ക് അനുമതി. ഈ റോഡ് മറുവശത്ത് എട്ട് ഓട്ടോകൾക്കും രണ്ട് ഗുഡ്സ് ഓട്ടോക്കും നിർത്തിയിടാം. പെട്രോൾ പമ്പിന് സമീപത്തായി നിലവിൽ പാർക്ക് ചെയ്യുന്ന ടാക്സികൾക്ക് തുടരാം.
പൊന്നാനി റോഡ്
ഗോൾഡൻ ടവറിന് സമീപത്ത് ബസുകൾ നിർത്തിയിടണം. ഇതിനോടൊപ്പം ആറ് ഓട്ടോകൾക്ക് അനുമതി.
പട്ടാമ്പി റോഡ്
ബസുകൾക്ക് നിലവിലെ സ്ഥലത്തുതന്നെ നിർത്തിയിടാം.12 ഓട്ടോകൾക്ക് മാത്രമേ നിർത്തിയിടാൻ അനുമതിയുള്ളൂ. ഇതിന് പിറകിലായി രണ്ട് ഗുഡ്സ് ഓട്ടോകൾക്കും പാർക്ക് ചെയ്യാം.