ഒളമ്പക്കടവ് പാലം: പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നു
text_fieldsഎടപ്പാൾ: കൊട്ടും കുരവയും ആഘോഷവുമായി നാലുവർഷം മുമ്പ് നിർമാണം തുടങ്ങിയ ഒളമ്പക്കടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമാണം പുനരാരംഭിക്കണമെന്ന് ഒളമ്പിൽ നടന്ന പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു. അവഗണന തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സർവകക്ഷിയോഗം മുന്നറിയിപ്പ് നൽകി.
തവനൂർ, പൊന്നാനി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പേരിൽ വൻ പ്രഖ്യാപനങ്ങളാണ് ജനങ്ങളോട് നടത്തിയിരുന്നത്. അതെല്ലാം ഇപ്പോൾ തുരുമ്പിച്ച കമ്പികളുടെയും കോൺക്രീറ്റ് കട്ടകളുടെയും രൂപത്തിൽ ഒളമ്പക്കായലിൽ കിടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വൻ പ്രഖ്യാപനങ്ങളല്ല, പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് പ്രതിഷേധയോഗം ചൂണ്ടിക്കാട്ടി.
സർവകക്ഷി യോഗത്തിൽ കെ. അലി, വി. അബ്ദുല്‍ ഖാദര്‍, വി.പി. ഹനീഫ, അജി കോലൊളമ്പ്, എന്‍.വി. മുബാറക്, സലാം മാസ്റ്റര്‍, കെ. അബ്ദുറഹിമാന്, എം. റസാഖ്, എം. റഫീഖ്, ഇബ്രാഹിം സൈനുദ്ദീന്‍, എന്‍. അബൂബക്കര്‍, കെ.വി. നജീബ്, സി.വി. മുഹമ്മദ്, കെ.വി. മുഹമ്മദ്, എം. ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലം നിർമാണം വൈകുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’റിപ്പോർട്ട് ചെയ്തിരുന്നു.