ആശുപത്രിയിൽ കൂട്ടിരിപ്പുകാരന്റെ ബാഗിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsഎടപ്പാൾ: എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരുന്നയാളുടെ ബാഗിൽനിന്ന് പണം മോഷ്ടിച്ചയാളെ പിടികൂടി. പട്ടിക്കാട് കീഴാറ്റൂർ സ്വദേശി പാറയിൽ അബ്ബാസാണ് (58) പിടിയിലായത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുമായി ചികിത്സക്കെത്തിയ നരിപ്പറമ്പ് സ്വദേശിനിയായ യുവതി മരുന്ന് വാങ്ങാൻ മുറിയുടെ വാതിലടച്ച് താഴെയിറങ്ങി തിരിച്ചെത്തിയപ്പോൾ ഒരാൾ ബാഗ് തുറന്ന് പണം മോഷ്ടിക്കുന്നത് കാണുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ആളുകൾ ഓടിക്കൂടി മോഷ്ടാവിനെ പിടികൂടി. തുടർന്ന് ഇയാളെ ചങ്ങരംകുളം പൊലീസിന് കൈമാറുകയായിരുന്നു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

