ആ യാത്ര റദ്ദാക്കിയത് മണിക്കൂറുകൾക്ക് മുമ്പ്
text_fieldsഎടപ്പാൾ: വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് സക്കീർ വിവരമറിയിക്കുന്നത്. കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ തിരിച്ചുവരാനായിരുന്നു എടപ്പാൾ താഴത്തുവളപ്പിൽ സക്കീർ തീരുമാനിച്ചിരുന്നത്. പലപ്പോഴും ആരോടും പറയാതെ നാട്ടിലെത്തി വീട്ടുകാരെ ആശ്ചര്യപ്പെടുത്തുന്ന പതിവുണ്ട്.
ഇത്തവണ അങ്ങനെയൊരു സർപ്രൈസാേണാ ഇതെന്ന ആശങ്കയുടെ നെഞ്ചിടിപ്പായിരുന്നു വിമാനാപകട വാർത്ത അറിഞ്ഞ വീട്ടുകാർക്ക്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷാർജ അജ്മാനിൽ മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന സക്കീറിനെ ഫോൺ വിളിച്ചിട്ട് കിട്ടാതെയായതോടെ അവരുടെ ആധി കൂടി. യാത്രക്കാരുടെ പേരുവിവര പട്ടികയിൽ സക്കീറും ഉൾപ്പെട്ടതായി വിവരം പുറത്തുവന്നതോടെ നാട്ടുകാരും സുഹൃത്തുക്കളും ആശങ്കയിലായി. ഒടുവിൽ രാത്രി വൈകി വീട്ടിലേക്ക് തിരിച്ച് വിളിച്ചതോടെയാണ് ആശ്വാസമായത്. വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് ടിക്കറ്റ് റദ്ദാക്കിയത്.
സക്കീർ, എടപ്പാൾ

