പെരുമ്പറമ്പിൽ തെരുവുനായുടെ വിളയാട്ടം; വയോധികരടക്കം നാലുപേർക്ക് കടിയേറ്റു
text_fieldsrepresentational image
എടപ്പാൾ: പെരുമ്പറമ്പിൽ നാലുപേർക്ക് തെരുവ് നായുടെ കടിയേറ്റു. പെരുമ്പറമ്പ് ജി.എൽ.പി സ്കൂളിന് സമീപമായിരുന്നു സംഭവം. പാട്ടിശ്ശേരി മേഘാനാദന്റെ മകൻ ശ്രീഹരി (15), കണ്ണത്ത് ബാലൻ (62), അച്ചായി താഴത്ത് വേലായുധന്റെ ഭാര്യ ജാനകി (68), പൂച്ചേരിക്കൽ ചെമ്പി (80) എന്നിവർക്കാണ് കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ആദ്യം പൂച്ചേരിക്കൽ ചെമ്പിയെയും ജാനകിയെയുമാണ് തെരുവ് നായ് കടിച്ചത്. തുടർന്ന് പെരുമ്പറമ്പ് ജി.എൽ.പി സ്കൂളിന് മുൻവശത്തെ ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന ശ്രീഹരിയെ ആക്രമിച്ചു. കാലിനാണ് ശ്രീഹരിക്ക് കടിയേറ്റത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബാലന്റെ കൈക്കും നായ് കടിച്ചു. ബാലന് സാരമായ പരിക്കേറ്റിട്ടുണ്ട്. കടിയേറ്റവരെ ആദ്യം പൊന്നാനി താലൂക്കാശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

