ഗുഡ്സ് വാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്നയാൾ അറസ്റ്റിൽ
text_fieldsഅബ്ദുസ്സലാം
എടപ്പാൾ: ഗുഡ്സ് വാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട്പറമ്പ് അബ്ദുസ്സലാം (37) ആണ് പിടിയിലായത്. കാളാച്ചാൽ, കുറ്റിപ്പാല, വളയംകുളം എന്നിവിടങ്ങളിൽനിന്ന് കാണാതായ വാഹനങ്ങൾ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
ഒരു വർഷം മുമ്പ് ചിയ്യാനൂർ പാടത്തുനിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കേസിൽ ഇയാൾ ചങ്ങരംകുളം പൊലീസിന്റെ പിടിയിലായിരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ പാലക്കാട് ജില്ലകളിലെ നിരവധി വാഹന മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ചുവിൽക്കുകയാണ് ഇയാളുടെ രീതിയെന്നും കൂട്ടാളികൾക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ, ആലത്തൂർ, ഷൊർണൂർ ഡിവൈ.എസ്.പിമാരുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.
ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരിഹരസൂനു, എ.എസ്.ഐ ശിവകുമാർ, സി.പി.ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയ പിടികൂടിയത്.

