വഖഫ് ബോര്‍ഡ്: മുസ്ലിം ലീഗ് ആരോപണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി
text_fieldsഎടക്കര: വഖഫ് ഭൂമി അന്യാധീനപ്പെടുന്നതും അവയുടെ ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്വത്തുക്കളുടെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈകടത്തുന്നു എന്ന് മുസ്ലിം ലീഗ് ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ചുങ്കത്തറയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വഖഫ് സ്വത്തുക്കള്‍ യഥാനിലയിലല്ല കൈകാര്യം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
പള്ളികളും മദ്റസകളും സ്വന്തമാക്കി വെച്ച് വഖഫ് ബോര്‍ഡ് ഭരണത്തില്‍ എല്ലാ കാലവും കൈയിട്ടു വാരാമെന്ന് വിചാരിച്ച ഒരു കൂട്ടമാളുകള്‍ ഇപ്പോള്‍ പള്ളികളും മദ്റസകളും സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കിയപ്പോഴാണ് അതിനെതിരെ രംഗത്തു വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഐ.എന്‍.എല്‍ മണ്ഡലം സെക്രട്ടറി ലത്തീഫ് പാറയില്‍ മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഐ.എന്‍.എല്‍ നിയോജക മണ്ഡലം പ്രസിഡൻറ് ചിറ്റങ്ങാടന്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയിലേക്ക് ചേര്‍ന്നവരെ മന്ത്രി ഹാരമണിയിച്ച് സ്വീകരിച്ചു.