വനത്തില്‍ തീയിട്ട ആദിവാസി യുവാവ് അറസ്റ്റില്‍
text_fieldsഎടക്കര: പടുക്ക വനത്തില്‍ അനധികൃതമായി പ്രവേശിച്ച് തീയിട്ട ആദിവാസി യുവാവ് അറസ്റ്റില്‍. കരുളായി മുണ്ടക്കടവ് കോളനിയിലെ മധു എന്ന മാതനെയാണ് (38) പടുക്ക ഡെപ്യൂട്ടി വനം റേഞ്ച് ഓഫിസര്‍ എ.എസ്. ബിജു അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പടുക്ക വനത്തിലെ ന്യൂ അമരമ്പലം റിസര്‍വിനുള്ളില്‍ മുണ്ടക്കടവ് ഭാഗത്തെ 1982 തേക്ക് തോട്ടത്തിലാണ് ഇയാള്‍ തീയിട്ടതെന്ന് വനം അധികൃതര്‍ പറയുന്നു. വനപരിശോധന നടത്തുന്നതിനിടെ തോട്ടത്തിലെ കല്‍ക്കുളം-ഉച്ചക്കുളം-മുണ്ടക്കടവ് റോഡിനോട് ചേര്‍ന്ന് പുക ഉയരുന്നത് കണ്ട് എത്തിയപ്പോഴാണ് കരിയിലകള്‍ക്ക് തീയിടുന്നതായി കണ്ടത്. വനപാലകരെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. മൂന്ന് സെന്റ് സ്ഥലത്തെ അടിക്കാടുകള്‍ കത്തിനശിച്ചു. വനം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ശശി പറമ്പില്താഴെ, ബി.എഫ്.ഒമാരായ എം. വിപിന്‍, സി.പി. രതീഷ്, കെ. രശ്മി, പി. ജംഷാദ്, കെ.പി. ശ്രീദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.