കൈപ്പിനിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി
text_fieldsചാലിയാര്‍ പുഴയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയ ചുങ്കത്തറ കൈപ്പിനിക്കടവ് , നിര്‍മാണത്തിലിരിക്കുന്ന പാലവും കാണാം
എടക്കര: മലയോരത്ത് പെയ്ത കനത്ത മഴയില്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കൈപ്പിനി കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. യാത്രാദുരിതം നേരിട്ട് നാട്ടുകാര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതോടെയാണ് വെള്ളിയാഴ്ച രാത്രിയോടെ മേഖലയില്‍ മഴ കനത്തത്. മഴ അണമുറിയാതെ പെയ്തതോടെ പുഴകളില്‍ ജലനിരപ്പുയരുകയായിരുന്നു.
2019ലെ മഹാപ്രളയത്തില്‍ കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയതോടെ കൈപ്പിനി കടവില്‍ നാട്ടുകാര്‍ നിര്‍മിച്ച രണ്ടാമത്തെ താല്‍ക്കാലിക പാലമാണ് ഇപ്പോള്‍ ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് പുഴക്കിരുവശവുമുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലായി. പുതിയ പാലത്തിെൻറ നിര്‍മാണം പുരോഗമിക്കുകയാണ്.
പുതിയ ഡിസൈനിലും ടെക്നോളജിയിലും നിര്‍മിക്കുന്ന പാലത്തിെൻറ പ്രവൃത്തി അടുത്ത കാലവര്‍ഷത്തിന് മുമ്പായി മാത്രമേ തീരുകയുള്ളൂ. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമായ താല്‍ക്കാലിക പാലം നിര്‍മിച്ചത്.
എരുമമുണ്ട, കൈപ്പിനി, കുറുമ്പലങ്ങോട് ഭാഗത്തുള്ളവര്‍ക്ക് പാലം വഴി മൂന്ന് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി ചുങ്കത്തറ ടൗണിലും പഞ്ചായത്ത് ആസ്ഥാനത്തുമെത്താന്. എന്നാല്‍, പാലം തകര്‍ന്നതോടെ പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ് വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ലക്ഷ്യസ്ഥാനെത്തത്താന്. ചാലിയാറിെൻറ ഓളപ്പരപ്പ് മുറിച്ചുകടക്കാന്‍ വീണ്ടും കടത്തുതോണിയെ ആശ്രയിക്കേണ്ടിവരും നാട്ടുകാര്‍ക്ക്.