രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നടപ്പായില്ല ; ഭൂദാനം നിവാസികളുടെ ദുരിതം തുടരുന്നു
text_fields2019ലെ പ്രളയത്തില്‍ തകര്‍ന്ന അമ്പിട്ടാംപൊട്ടി നടപ്പാലം
എടക്കര: ഫണ്ട് അനുവദിച്ചതായി പ്രഖ്യാപിച്ച് ഒരുവര്‍ഷമായിട്ടും പാലം നിര്‍മിക്കാന്‍ നടപടിയായില്ല. പോത്തുകല്‍ ശാന്തിഗ്രാം കടവിനക്കരെയുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി.
2019ലെ പ്രളയത്തിലാണ് പോത്തുകല്‍ പഞ്ചായത്തിലെ ശാന്തിഗ്രാം കടവില്‍ ചാലിയാറിന് കുറുകെയുള്ള നടപ്പാലം ഒലിച്ചുപോയത്. ദുരന്തത്തിന് ശേഷം രാഹുല്‍ ഗാന്ധി എം.പി നാശനഷ്ടങ്ങള്‍ നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അമ്പിട്ടാംപൊട്ടിയില്‍ പാലം പുനര്‍നിര്‍മിക്കാന്‍ 70 ലക്ഷം രൂപ അനുവദിക്കുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് എം.പിയുടെ ഓഫിസില്‍നിന്ന് അറിയിച്ചിരുന്നു.
2019-20 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടാണ് അനുവദിച്ചത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും ഇതോടൊപ്പം ഫണ്ട് അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പലരും ഇത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മലയോര മേഖലയിലെ ജനങ്ങള്‍ എം.പിയുടെ വാഗ്ദാനം ചെവിക്കൊണ്ടത്. എന്നാല്‍, ഇതുവരെ പാലം പുനര്‍നിർമാണത്തിന് നടപടിയുണ്ടായിട്ടില്ല. ഭൂദാനം, ശാന്തിഗ്രാം, മച്ചിക്കൈ, ഇരൂള്‍കുന്ന്, വെള്ളിലമാട്, ചെമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായിരുന്നു അമ്പിട്ടാംപൊട്ടിയിലെ നടപ്പാലം.
2011ലെ പ്രളയത്തില്‍ ചാലിയാര്‍ പുഴക്ക് കുറുകെ അമ്പിട്ടാംപൊട്ടിയിലുയുണ്ടായിരുന്ന നടപ്പാലം ഒലിച്ച് പോയിരുന്നു. ഗതാഗതയോഗ്യമായ ഒരു പാലം ഇവിടെ നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞ് വീണ്ടും നടപ്പാലം നിര്‍മിച്ചു.
ഇതാണ് 2019ല്‍ തകര്‍ന്നത്. നടപ്പാലം പോയതോടെ ചെമ്പ്ര, ഇരുട്ടുകുത്തി പട്ടികവര്‍ഗ കോളനികളിലെ ആദിവാസികളടക്കം ആയിരങ്ങളാണ് ഒരുവര്‍ഷമായി ദുരിതമനുഭവിക്കുന്നത്. ഏഴ് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് വേണം പ്രദേശവാസികള്‍ക്ക് പോത്തുകല്‍ ടൗണിലെത്താന്‍. ദുരന്തത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, എം.പി ഫണ്ട് അനുവദിച്ചതിനാല്‍ ഇക്കാര്യത്തില്‍ ഒരഭിപ്രായവും മന്ത്രിയും പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

