പൈപ്പിൽ ദ്വാരം വീണ് പെട്രോൾ ചോർച്ച: വാഹന ഉടമകൾക്ക് ദുരിതം
text_fieldsപെട്രോൾ ചോർച്ചക്ക് കാരണമാകുന്ന പൈപ്പിലെ ദ്വാരം
എടക്കര: വർധിച്ച ഇന്ധനവിലക്കിടയിൽ വാഹന ഉടമകൾക്ക് മറ്റൊരു ദുരിതമായി പെട്രോൾ ചോർച്ചയും. ടാങ്കിൽനിന്ന് എൻജിനിലേക്ക് പെട്രോൾ പോകുന്ന പൈപ്പിൽ ദ്വാരം വീഴുന്നതാണ് ചോർച്ചക്ക് കാരണം. നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ ദിവസവും വർക്ക് ഷോപ്പുകളിലെത്തുന്നത്. ചെറു വണ്ടുകളാണ് ദ്വാരമുണ്ടാക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ചോർച്ചയുള്ള കാര്യം ഉടമ അറിയുന്നില്ലെങ്കിൽ വൻ അപകടത്തിനുവരെ വഴിയൊരുങ്ങും. പെട്രോൾ ടാങ്കിൽനിന്ന് എൻജിൻ വരെയുള്ള ഭാഗത്തെ റബർ പൈപ്പുകളിലാണ് ദ്വാരം വീഴുന്നത്. സ്റ്റാർട്ടാക്കുമ്പോൾ അനുഭവപ്പെടുന്ന പെട്രോൾ ഗന്ധത്തിൽ സംശയം തോന്നിയാണ് പലരും വാഹനം വർക്ക് ഷോപ്പിലെത്തിക്കുന്നത്. ചിലപ്പോൾ പിന്നാലെയെത്തുന്ന വാഹന യാത്രികർ പറഞ്ഞായിരിക്കും അറിയുക.
എൻജിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ മാത്രമാണ് ചോർച്ച. പെട്രോൾ കാറുകളിലാണ് ഇവ കൂടുതലായി കാണുന്നത്. രണ്ടാഴ്ചക്കിടെ ഇരുപതോളം കാറുകളാണ് ഇത്തരത്തിലുള്ള തകരാർ മൂലം തെൻറ വർക്ക് ഷോപ്പിലേക്ക് വന്നതെന്ന് എടക്കരയിലെ ടി.ടി മോട്ടോഴ്സ് ഉടമ കുട്ടൻ പറഞ്ഞു. അതേസമയം, ദ്വാരം വന്ന പൈപ്പുകൾ മാറ്റാൻ നിരവധിയാളുകളാണ് നിത്യേനയെത്തുന്നതെന്നും നിലവിൽ പൈപ്പ് തന്നെ കിട്ടാത്ത അവസ്ഥയുണ്ടെന്നും സ്പെയർ പാർട്സ് ഷോപ്പ് നടത്തിപ്പുകാരൻ ഷറഫുദ്ദീൻ പറയുന്നു.