സ്മാർട്ട് ഫോണുണ്ട്; ഇന്റര്‍നെറ്റ് സിഗ്നൽ ലഭിക്കാതെ വിദ്യാർഥികൾ
text_fieldsഎടക്കര: ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെങ്കിലും ഇൻറര്‍നെറ്റ് സിഗ്നല്‍ ലഭിക്കാതെ പ്രയാസപ്പെടുകയാണ് ചുങ്കത്തറ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍. ചുങ്കത്തറ പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ എടമലകുന്ന്, എടമല, പൂച്ചക്കുത്ത്, ചളിക്കുളം, മുണ്ടപ്പാടം പ്രദേശങ്ങളിലാണ് വര്‍ഷങ്ങളായി നെറ്റ്വര്‍ക്ക് വേണ്ടവിധം കിട്ടാത്തത്.
ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ കമ്പനികള്‍ക്കൊന്നും ഈ പ്രദേശങ്ങളില്‍ സിഗ്നല്‍ ലഭിക്കുന്നില്ല. അത്യാവശ്യഘട്ടങ്ങളില്‍ ഫോണ്‍ ചെയ്താല്‍പോലും സംസാരം പൂര്‍ത്തിയാകും മുമ്പേ വിളി മുറിഞ്ഞുപോകും. ദുരിതാവസ്ഥ നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന് ടവര്‍ സ്ഥാപിക്കാനാവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് സ്വകാര്യ വ്യക്തി അറിയിച്ചിട്ടും ഫലമുണ്ടായില്ല. കോവിഡ് പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനാക്കിയതോടെ കുട്ടികളുടെ പഠനവും താളം തെറ്റി. കേബിള്‍ കണക്ഷനുള്ള വീടുകളില്‍ വൈദ്യുതി മുടങ്ങിയാല്‍ ആ ദിവസങ്ങളിലെ ക്ലാസ് നഷ്ടമാവുകയാണ്.
പിന്നീട് ഓണ്‍ലൈന്‍ വഴി പഠനം നടത്താന്‍ സിഗ്നലില്ലാത്തതിനാല്‍ സാധ്യമാകുന്നുമില്ലെന്ന് വിദ്യാര്‍ഥികളും പറയുന്നു. ചില സ്ഥലങ്ങളില്‍ വീടിന് വെളിയില്‍ മാത്രമാണ് അല്പമെങ്കിലും റേഞ്ച് ലഭിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥലം കണ്ടത്തെി കുട്ടികള്‍ക്കുള്ള പഠനസൗകര്യമൊരുക്കിയിരിക്കുകയാണ് രക്ഷിതാക്കള്‍. പ്രദേശത്തെ ഇൻററര്‍നെറ്റ് ബന്ധം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി വീണ്ടും അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.