നടുറോഡില്‍ കാട്ടാനയുടെ മുന്നിൽ; രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsജനവാസ കേന്ദ്രത്തിലെ കാട്ടാന വിളയാട്ടത്തിന് പരിഹാരം ആവശ്യപ്പെട്ട് കോറിപ്പടിയില് നാട്ടുകാര്‍ വനപാലകരെ തടയുന്നു
എടക്കര: പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മധ്യവയസ്കനു നേരെ കാട്ടാനയുടെ ആക്രമണ ശ്രമം. സ്കൂട്ടറില്‍നിന്ന് ആനയുടെ മുന്നില്‍ വീണ ഇദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ വനപാലകരെ നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞുെവച്ചു.
വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് കോറിപ്പടിയിലെ തോട്ടേക്കാട്ട് അബ്ദുല്ലയാണ് കാട്ടാനയുടെ മുന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ച ആറോടെയാണ് ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ പരാക്രമമുണ്ടായത്. തണ്ണിക്കടവ് ജുമാ മസ്ജിദില്‍നിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുകയായിരുന്നു അബ്ദുല്ല. നാരോക്കാവ്- തണ്ണിക്കടവ് പൊതുമരാമത്ത് റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് റോഡില്‍ നില്ക്കുന്ന കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്.
സ്കൂട്ടറില്‍നിന്ന് ആനയുടെ മുന്നില്‍ വീണ അബ്ദുല്ല എണീറ്റ് ഓടുന്നതിനിടയില്‍ വീണ്ടും വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. ആന പിന്തുടരാതിരുന്നതാണ് തനിക്ക് രക്ഷയായതെന്ന് അബ്ദുല്ല പറയുന്നു. ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ വിളയാട്ടംമൂലം പൊറുതിമുട്ടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ 11ഓടെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പോത്തുകല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ആര്. രാജേഷ്, ബി.എഫ്.ഒമാരായ സായ് ചന്ദ്രന്, സരീഷ് എന്നിവരെ നാട്ടുകാര്‍ തടഞ്ഞുെവച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തണമെന്നും കാലങ്ങളായുള്ള കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഉച്ചക്ക് ഒന്നു വരെ വനംവകുപ്പിലെ ഒരുദ്യോഗസ്ഥനും സ്ഥലത്തെത്തിയില്ല. തുടർന്നെത്തിയ വഴിക്കടവ് എസ്.ഐ ടി. അജയകുമാര്‍ വനം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വെള്ളിയാഴ്ചതന്നെ സൗരോര്‍ജവേലി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വനപാലകരെ വിട്ടയച്ചത്. സമരത്തിന് ടി.കെ. സക്കീര്‍ ഹുസൈന്, സക്കീര്‍ പോക്കാവില്‍, ആനപ്പട്ടത്ത് മോയിന്‍കുട്ടി, ഇസഹാക്ക് കരിമ്പനക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
കോറിപ്പടിയില് ഒരു മാസത്തിനിടെ കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് നാലുപേര്‍
എടക്കര: കരിയംമുരിയം വനാതിര്‍ത്തിയോട് അതിരിടുന്ന തണ്ണിക്കടവ് കോറിപ്പടിയില് ഒരു മാസത്തിനിടെ കാട്ടാനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത് പ്രദേശവാസികളായ നാലുപേര്‍. തോട്ടേക്കാട് അബ്ദുല്ലയാണ് (59) വ്യാഴാഴ്ച രാവിലെ ആറിന് കാട്ടാനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ട ഒടുവിലെത്തെയാള്‍. വാല്‍തൊടിക അബ്ദുല്‍ കരീം, ആനപ്പട്ടത്ത് മോയിന്‍കുട്ടി, തണ്ടുപാറ ഉസ്മാന് എന്നിവരാണ് ഇതിന് മുമ്പ് ആനയുടെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍.
മാസങ്ങളായി തണ്ണിക്കടവ് കോറിപ്പടി ഭാഗങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. പുലര്‍ച്ച പള്ളികളില്‍ നമസ്കാരത്തിന് പോകുന്നവരും സന്ധ്യാസമയങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പുറത്ത് പോകുന്നവരുമാണ് ആനയുടെ മുന്നിലകപ്പെട്ടത്. ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണെന്ന് മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട കോന്നാടന്‍ ആലിമുഹമ്മദ്, ഖദീജ എന്നിവര്‍ പറയുന്നു.
മാട്ടായി ചേക്കുട്ടി, മേലേവീട്ടില്‍ മുകുന്ദന്, മാട്ടായി മൂസ, പോക്കാവില്‍ റഹ്മത്തുല്ല, വീതനശേരി നാരായണന് എന്നിവരുടെയെല്ലാം തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. തണ്ണിക്കടവ് മുതല്‍ കോറിപ്പടി വരെയുള്ള 500 മീറ്റര്‍ വനാതിര്‍ത്തിയില്‍ തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ് നന്നാക്കിയാല്‍ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂവെന്ന് നാട്ടാകാരന് ടി.കെ. സക്കീര്‍ ഹുസൈന് പറഞ്ഞു.
ഫെന്‍സിങ് കാര്യക്ഷമമാക്കിയാല്‍ തണ്ണിക്കടവ്, കോറിപ്പടി, മുരിങ്ങമുണ്ട, കല്ലായിപ്പൊട്ടി തുടങ്ങിയ പ്രദേശത്തേക്കെല്ലാം കാട്ടാനയെത്തുന്നത് തടയാനാകുമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, തണ്ണിക്കടവ് മുതല്‍ ചെമ്പന്‍കൊല്ലി ഇമ്മുട്ടിപ്പടി വരെയുള്ള 12 കിലോമീറ്റര്‍ വരുന്ന കരിയംമുരിയം വനാതിര്‍ത്തിയില്‍ റെയില്‍ ഗാര്‍ഡ് ഉപയോഗിച്ചു വേലി നിര്‍മിക്കുന്നതിന് നിർദേശം അയച്ചിട്ടുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.