എടക്കര: കവളപ്പാറ ദുരന്തബാധിതര്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പോത്തുകല്‍ ഞെട്ടിക്കുളത്ത് നിര്‍മിക്കുന്ന 24 വീടുകള്‍ക്ക് ശിലയിട്ടു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയില്‍ ആറുലക്ഷം സ്ഥലത്തിനും നാലുലക്ഷം വീട് നിര്‍മാണത്തിനുമാണ് ഉപയേഗിക്കുക.
ഇതിന് പുറമെ ഓരോ കുടുംബങ്ങള്‍ക്കും പീപ്ള്‍സ് ഫൗണ്ടേഷന്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ഇരുപത്തിനാലില്‍ ഒരുവീട് കേരള പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷനാണ് നിര്‍മിച്ച് നല്‍കുന്നത്. തറക്കല്ലിടല്‍ പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വത്സല അരവിന്ദന്‍, സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, മുന്‍ പ്രസിഡൻറുമാരായ സി. കരുണാകരന്‍പിള്ള, പി. സുഭാഷ്, വാര്‍ഡ് അംഗം രജനി രാജന്‍, ആനപ്പാന്‍ സുന്ദരന്‍, പീപ്ള്‍സ് ഫൗണ്ടേഷന്‍ ഭാരവാഹി വി.സി. ഇബ്രാഹീം, സുമോദ് കവളപ്പാറ, പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷൈലജ എന്നിവര്‍ സംസാരിച്ചു.