കവളപ്പാറ ദുരന്തം: 32 കുടുംബങ്ങളുടെ ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി
text_fieldsഎടക്കര: കവളപ്പാറ ദുരന്തത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഉപ്പട ആനക്കല്ലില്‍ ലഭിച്ച ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. കവളപ്പാറ മുത്തപ്പന്‍കുന്നിലെ 32 ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രജിസ്ട്രേഷനാണ് വെള്ളിയാഴ്ച എടക്കര സബ് രജിസ്ട്രാര്‍ ഓഫിസില്‍ പൂര്‍ത്തിയായത്. 3.57 ഏക്കറില്‍ വഴിയും പൊതു കെട്ടിടത്തിനും കിണറിനും ടാങ്കിനുമുള്ള സ്ഥലവും കഴിഞ്ഞ് ഒരു കുടുംബത്തിന് 10 സെൻറ് ഭൂമി ലഭിക്കും. കവളപ്പാറ കോളനിക്കാര്‍ തന്നെയാണ് ആനക്കല്ലിലെ ഭൂമി തിരഞ്ഞെടുത്തത്.
നവകേരളം പദ്ധതിയിലുള്‍പ്പെടുത്തി ഒമ്പത് ഏക്കര്‍ ഭൂമിയാണ് കവളപ്പാറ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കായി മുന്‍ ജില്ല കലക്ടര്‍ ജാഫര്‍ മലിക് വിവിധയിടങ്ങളില്‍ കണ്ടെത്തിത്. എന്നാല്‍, ചില തടസ്സങ്ങള്‍ കാരണം ഇടപാട് നിര്‍ത്തിവെച്ചു. ഒടുവില്‍ വീടുവെക്കുന്നതിനുള്ള സ്ഥലം സ്വന്തമായി കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ല ഭരണകൂടം ആദിവാസികള്‍ക്കും ജനറല്‍ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ആനക്കല്ലിലെ ഭൂമി കവളപ്പാറ കോളനിക്കാര്‍ െതരഞ്ഞെടുത്ത്. ദുരന്തബാധിതരായ കവളപ്പാറയിലെ ആദിവാസികളില്‍ 22 കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ലിലുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
ജനറല്‍ വിഭാഗത്തില്‍പെട്ട 33 കുടുംബങ്ങള്‍ക്ക് വ്യവസായി എം.എ. യൂസുഫലി പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പുതന്നെ ജനറല്‍ വിഭാഗത്തില്‍പെട്ട 24 കുടുംബങ്ങള്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് ഭൂമി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനെട്ട് പേരുടെ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ആറ് കുടുംബങ്ങളുടെ ഭൂമിയുടെ രജിസ്ട്രേഷന്‍ ശനിയാഴ്ച നടക്കും. പാതാര്‍, ശാന്തിഗ്രാം, കവളപ്പാറ എന്നിവിടങ്ങളിലെ ദുരന്തബാധിതരായ പതിെനഞ്ച് കുടുംബങ്ങള്‍ മുതുകുളത്ത് ഭൂമി കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്ത് കുടുംബങ്ങള്‍ മറ്റ് പലയിടങ്ങളിലുമായി ഭൂമി കണ്ടെത്തിയിട്ടുമുണ്ട്.