ജനവാസ കേന്ദ്രത്തില്‍ വനം വകുപ്പിെൻറ 'വനമേഖല' ബോര്‍ഡ്: നാട്ടുകാർ നീക്കം ചെയ്തു
text_fieldsനാരങ്ങാമൂലയില് വനം വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് പഞ്ചായത്തംഗത്തിെൻറ നേതൃത്വത്തില്‍ നാട്ടുകാര്‍ നീക്കം ചെയ്യുന്നു
എടക്കര: ജനവാസ കേന്ദ്രത്തില്‍ വനം വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ പഞ്ചായത്തംഗത്തിെൻറ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ ബോര്‍ഡ് നീക്കം ചെയ്തു. മൂത്തേടം നാരങ്ങമൂലയില് ചീരപ്പാടം-വെള്ളാരമുണ്ട പഞ്ചായത്ത് റോഡിലാണ് ബുധനാഴ്ച രാവിലെ 10ഓടെ വനം വകുപ്പ് അധികൃതര്‍ എത്തി ബോര്‍ഡ് സ്ഥാപിച്ചത്. താങ്കള്‍ വനമേഖലയിലൂടെയാണ് സഞ്ചരിക്കുന്നത് സൂക്ഷിച്ച് വേഗം കുറച്ചു പോകുക എന്നായിരുന്നു റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ ചിത്രസഹിതമുള്ള ബോര്‍ഡിലുണ്ടായിരുന്നത്. വന്യമൃഗശല്യം മൂലം ദുരിതത്തിലായ ആളുകള്‍ താമസിക്കുന്നിടത്ത് വനമേഖലയെന്നും പറഞ്ഞ് ബോര്‍ഡ് നാട്ടിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
ബോര്‍ഡ് കണ്ട നാട്ടുകാര്‍ കൂടിയാലോചിച്ച് പഞ്ചായത്തംഗം എ.ടി. റെജിയെ വിവരമറിയിക്കുകയായിരുന്നു. പഞ്ചായത്തിനെ അറിയിക്കാതെ അനധികൃതമായാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. വനം വകുപ്പിെൻറ നടപടിയില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് പഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്യുകയുമായിരുന്നു.
പഞ്ചായത്തിെൻറ സ്ഥലത്ത് അനുമതി വാങ്ങാതെ നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്ന ബോര്‍ഡ് വെച്ചതിനെതിരെ പഞ്ചായത്ത് വനം വകുപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി സി.എ. ചന്ദ്രന്, പ്രദേശവാസികളായ വി.ജെ. ജോസഫ്, പ്രശാന്ത് തോമസ്, കളരിക്കല്‍ റെജി, ബാബു ചക്കിട്ടാനിരപ്പില് എന്നിവര്‍ നേതൃത്വം നല്കി. അതേസമയം, ഇത് ആന ഇറങ്ങുന്ന മേഖലയായതിനാല്‍ റോഡിലൂടെ പോകുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വനം അധികൃതരുടെ വിശദീകരണം.നിലമ്പൂരിെൻറ വിവിധ ഭാഗങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ ഇംറോസ് ഇ. നവാസ് പറഞ്ഞു.
നിലമ്പൂർ ടൗണിലും കാട്ടാന ഭീഷണി മുന്നറിയിപ്പ് ബോർഡ്
നിലമ്പൂർ: കാട്ടാനകൾ തുടരെ നിലമ്പൂർ ടൗണിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ വനം വകുപ്പ് കെ.എൻ.ജി റോഡരികിൽ യാത്രക്കാർക്കായി ജാഗ്രത നിർദേശ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. വടപുറം പാലത്തിനും മിൽമ ചില്ലിങ് പ്ലാൻറിനും ഇടയിലാണ് ബോർഡ്. ആനയുടെ ചിത്രം അടങ്ങിയ ജാഗ്രത ബോർഡിൽ വനമേഖലയിലൂടെയാണ് സഞ്ചരിക്കുന്നത് സൂക്ഷിച്ച് വേഗത കുറച്ച് പോവുകയെന്നാണ് വനം വകുപ്പിെൻറ മുന്നറിയിപ്പുള്ളത്.
ഇവിടെ റോഡിെൻറ ഇരുഭാഗവും കാടാണ്. ചില ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം ഇവിടെ റോഡ് മുറിച്ച് കടക്കുന്നുണ്ട്. കാട്ടാനയെ മുന്നിൽ കണ്ട് കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ലോറിയിൽ ഇടിച്ച് കാറിലെ യാത്രക്കാരായ കുടുംബത്തിന് പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് ജാഗ്രത ബോർഡ് സ്ഥാപിച്ചതെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ പറഞ്ഞു.