ഞാറ്റുപാട്ടിെൻറ ഈണവും താളവും നുകര്‍ന്ന് വിദ്യാര്‍ഥികളുടെ നടീല്‍ ഉത്സവം
text_fieldsഎടക്കര: ഞാറ്റുപാട്ടിെൻറ ഈണത്തിലും താളത്തിലും വിദ്യാര്‍ഥികള്‍ ഞാറ്റുമുടികളുമായി നടീലിന് ഇറങ്ങിയപ്പോള്‍ ഉഴുതുമറിച്ചിട്ട നെല്‍വയലില്‍ ഉത്സവാന്തരീക്ഷം. പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങളായ വിദ്യാര്‍ഥികളാണ് നെല്‍കൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനുമായി ഉഴുതുമറിച്ചിട്ട വയലിലെ ചേറിലേക്കിറങ്ങിയത്. എടക്കര പാതിരിപ്പാടത്തെ തുരുത്തേല്‍ ബെന്നി എന്ന യുവകര്ഷകെൻറ രണ്ടേക്കര്‍ വരുന്ന നെല്‍വയലിലാണ് തൊഴിലാളികൾക്കൊപ്പം ഞാറ്റുപാട്ടിെൻറ ഈണവും താളവും നുകര്‍ന്ന് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയില്‍ പുത്തനറിവ് തേടിയിറങ്ങിയത്.
അന്യംനിന്നുപോകുന്ന നെല്‍കൃഷിയും കാര്‍ഷിക സംസ്കാരവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും പ്രോത്സാഹനത്തോടെ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു വിദ്യാര്‍ഥികളുടെ ഞാറുനടീല്‍.
നെല്‍കൃഷിയെക്കുറിച്ച് മാത്രമല്ല മറ്റ് കൃഷിരീതികളെക്കുറിച്ചും അറിവില്ലാത്തവരായിരുന്നു പല വിദ്യാര്‍ഥികളും. അവര്‍ക്ക് എടക്കര കൃഷിവനിലെ കൃഷി അസി. എ. ശ്രീജയ് കൃഷിപാഠങ്ങള്‍ പകര്‍ന്ന് നല്കി. എന്‍.എസ്.എസ് വളൻറിയര്‍മാരായ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി പങ്കെടുത്ത ഞാറുനടീല്‍ ഉത്സവം നവ്യാനുഭവമായി. വാര്‍ഡ് അംഗം കെ. ഉമ്മുസല്‍മ ഞാറുനടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗം കെ. അബ്ദുല്‍ ഖാദര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ അജീഷ്, അധ്യാപകരായ രതീഷ്, സനീഷ്, എന്‍.എസ്.എസ് സെക്രട്ടറിമാരായ സേതുലക്ഷ്മി, ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. 120 ദിവസം മൂപ്പുള്ള ശ്രേയസ് ഇനത്തില്‍പെട്ട നെല്‍വിത്താണ് മുണ്ടകന്‍ കൃഷിക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.