മുണ്ടേരി പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് നാല് ആദിവാസി കോളനികൾ
text_fieldsഎടക്കര: ചാലിയാര്‍ പുഴക്ക് കുറുകെയുള്ള താൽക്കാലിക തൂക്കുപാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയതോടെ പൂർണമായി ഒറ്റപ്പെട്ട് വനത്തിനുള്ളിൽ നാല് ആദിവാസി കോളനികൾ. കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ, ഇരുട്ടുകുത്തി കോളനികളാണ് മൂന്ന് ദിവസമായി പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ കഴിയുന്നത്. മുണ്ടേരി ഫാം കടന്നെത്തുന്ന ഇരുട്ടുകുത്തി കടവിലായിരുന്നു തൂക്കുപാലം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഇരുട്ടുകുത്തി കടവിലെ കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നതോടെ ഒറ്റപ്പെട്ട കോളനിക്കാര്‍ക്ക് ജില്ല കലക്ടറായിരുന്ന ജാഫർ മലികിെൻറ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍ സമാഹരിച്ച പണം ഉപയോഗിച്ചായിരുന്നു തൂക്കുപാലം നിര്‍മിച്ചത്. ഇതാണ് ചൊവ്വാഴ്ച രാത്രി ഒലിച്ചുപോയത്.
നാല് കോളനികളിലായി 120 കുടുംബങ്ങളുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ എല്ലാ കോളനികളിലും വ്യാപക നാശമാണുണ്ടായത്. നിരവധി വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയും മണ്ണും ചളിയും മരങ്ങളും അടിഞ്ഞ് വാസയോഗ്യമല്ലാതായിത്തീരുകയും ചെയ്തു. വനത്തിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ അഭയം തേടിയാണ് ആദിവാസികള്‍ അന്ന് രക്ഷപ്പെട്ടത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആദിവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത് ഇരുട്ടുകുത്തിയില്‍ പാലവും സുരക്ഷിതമായ ഭൂമിയുമാണ്.
എന്നാല്‍, ഒരു വർഷത്തിനിപ്പുറവും ഇതു നടപ്പായില്ല. ചാലിയാറിൽ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് മിക്ക കോളനി വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആദിവാസികള്‍ കൈക്കുഞ്ഞുങ്ങളുമായി സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കോളനികളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് റവന്യൂ വകുപ്പിെൻറ നേതൃത്വത്തില്‍ ചാലിയാര്‍ പുഴക്ക് കുറുകെ റോപ്വേ സംവിധാനം വെള്ളിയാഴ്ച ഒരുക്കിയിട്ടുണ്ട്. മുണ്ടേരി ഫാമിനോട് ചേര്‍ന്ന് തണ്ടന്‍കല്ല് കോളനിക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഫാമിെൻറ ക്വാര്‍ട്ടേഴ്സുകളിലെ ക്യാമ്പുകളിലത്തെിയ ഇവര്‍ ദുരിതം പേറിയാണിവിടെ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

