പരിസ്ഥിതിലോല വിജ്ഞാപനം; മലയോര ജനത ആശങ്കയിൽ
text_fieldsഎടക്കര: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം മലയോര മേഖലയിൽ കടുത്ത ആശങ്കയുയർത്തുന്നു. ജില്ലയിൽ 11 വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറുമ്പലങ്ങോട്, പോത്തുകല്ല്, ചുങ്കത്തറ, വഴിക്കടവ്, അകമ്പാടം, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട് വില്ലേജുകളാണ് പട്ടികയിലുള്ളത്. കാലങ്ങളായി ഭൂമി കൈവശംവെച്ച് കൃഷി ചെയ്തും നികുതിയടച്ചും വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിച്ചും കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിലുള്ളത്.
വിജ്ഞാപനം അന്തിമമാകുന്നതോടെ ഇവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരുമെന്ന ആശങ്കയാണുയരുന്നത്. വന്യജീവി സങ്കേതങ്ങളും ജനവാസ മേഖലകളും വേർതിരിച്ച് സംസ്ഥാനത്തെ 31 വില്ലേജുകൾ പൂർണമായും 92 വില്ലേജുകൾ ഭാഗികമായും ഒഴിവാക്കി ഇ.എസ്.എ പരിധി 8,590.69 ചതുരശ്ര കിലോമീറ്ററായി കുറക്കണമെന്ന ഭേദഗതി നിർദേശം മുൻ ഇടതുസർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല.
വില്ലേജുകളെ പൂർണമായും ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നത് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും നേരിട്ട് ബാധിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വ്യവസായ, നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മലയോര മേഖലയിലെ വികസനപ്രവർത്തനങ്ങളെയും ബാധിച്ചേക്കും. വനയോര മേഖലയിലും വനത്തിനുള്ളിലുമുള്ള ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരാൻ സാധ്യതയുണ്ട്. റോഡ് നിർമാണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതോടെ ഗോത്രവിഭാഗങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. കൃഷി, വീടുകളുടെ നിർമാണം, ടൂറിസം മേഖലയിലെ പദ്ധതികൾ തുടങ്ങിയവക്കും നിയന്ത്രണങ്ങൾ ബാധകമാകുമെന്ന ഭീതിയിലാണ് മലയോര ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

