ഇക്കോ ടൂറിസം പ്രോത്സാഹനം: സർക്യൂട്ട് യാഥാർഥ്യമായില്ല
text_fieldsമലപ്പുറം: വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ഇക്കോ ടൂറിസം സർക്യൂട്ട് യാഥാർഥ്യമായില്ല. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നു വനം വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. പദ്ധതി ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെന്ന് ഫെബ്രുവരിയിൽ വനം-വന്യജീവി വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല.
ജില്ലയിൽ രണ്ടിടങ്ങളിലാണ് ഇക്കോ ടൂറിസം സർക്യൂട്ട് പ്രഖ്യാപിച്ചിരുന്നത്. നിലമ്പൂർ നോർത്ത് ഡിവിഷനിലെ കനോലി പ്ലോട്ട്, ചാലിയാർ മുക്ക്, നിലമ്പൂർ തേക്ക് മ്യൂസിയം, സൗത്ത് ഡിവിഷനിലെ നെടുങ്കയം എന്നിവ ഉൾപ്പെട്ടതാണ് ഒരു സർക്യൂട്ട്. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കൊടികുത്തിമല, മണ്ണാർക്കാട് ഡിവിഷനിലെ തോടുകാപ്പ് കുന്ന് എന്നിവ ഉൾപ്പെട്ടതാണ് രണ്ടാമത്തേത്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ഡിവിഷൻ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് 71 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്. സതേൺ സർക്കിളിൽ ഒമ്പത്, ഹൈറേഞ്ചിൽ 10, സെൻട്രലിൽ അഞ്ച്, ഈസ്റ്റേണിൽ 11, നോർത്തേണിൽ 18, പാലക്കാട് വൈൽഡ് ലൈഫ് സർക്കിളിൽ ഏഴ്, കോട്ടയം വൈൽഡ് ലൈഫ് സർക്കിളിൽ ഏഴ്, എ.ബി.പി സർക്കിളിൽ നാലും ഇക്കോ ടൂറിസം കേന്ദ്രങ്ങളുണ്ട്. ഇവയെ 28 സർക്യൂട്ടുകളായി തിരിച്ച് പ്രഖ്യാപിച്ചിരുന്നു. വയനാട് ജില്ലയിലാണ് കൂടുതൽ സർക്ക്യൂട്ടുകൾ പ്രഖ്യാപിച്ചിരുന്നത്. നാല് കേന്ദ്രങ്ങളുണ്ട്. പട്ടികയിൽ പാലക്കാട്, ഇടുക്കി ജില്ലകളിൽ മൂന്ന് വീതവും തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ട് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ഓരോ വീതവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

