ഇ-സ്റ്റാമ്പിങ്: മുദ്രപത്ര ക്ഷാമത്തില്‍ വലഞ്ഞ് ജനങ്ങള്‍
text_fieldsതേഞ്ഞിപ്പലം: ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന് വകുപ്പ് മുദ്രപത്ര അച്ചടിയില്‍ നിയന്ത്രണം വരുത്തിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. 50, 100, 200 രൂപയുടെ മുദ്രപത്രങ്ങള്‍ക്ക് വീണ്ടും ലഭ്യത ഇല്ലാതായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ജില്ലയില്‍ നിലവില്‍ 500 രൂപയുടെയും അതിന് മുകളില്‍ വിലയുള്ളതുമായ മുദ്രപത്രങ്ങളേ കിട്ടാനുള്ളൂ. 50 രൂപയുടെ മുദ്രപത്രങ്ങള്‍ വല്ലപ്പോഴും ലഭ്യമാകുന്നുണ്ടെങ്കിലും പരിമിതമായ എണ്ണമേ വെണ്ടര്‍മാര്‍ക്ക് കിട്ടുന്നുള്ളൂ. അത്യാവശ്യക്കാര്‍ കോഴിക്കോട് ജില്ലയെയാണ് മുദ്രപത്രത്തിനായി ആശ്രയിക്കുന്നത്. അതിനാല്‍ അവിടെയും ക്ഷാമമുണ്ട്. മാര്‍ച്ച് മുതല്‍ ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കാനാണ് രജിസ്ട്രേഷന് വകുപ്പിന്റെ നീക്കം.
അതുവരെ മുദ്രപത്ര പ്രശ്നം തുടരാനാണ് സാധ്യത. ആഴ്ചകള്‍ക്ക് മുമ്പ് 200, 100 രൂപയുടെ മുദ്രപത്രങ്ങള്ക്കായിരുന്നു ക്ഷാമം. പിന്നീട് 50 രൂപയുടേതും കിട്ടാനില്ലാതാകുകയായിരുന്നു. 50, 100, 200 രൂപയുടെ മുദ്രപത്രം തീരെ കിട്ടാനില്ലാത്തതിനാല്‍ കരാറുകള്‍ എഴുതാനും മറ്റുമായി പണം അധികം വാങ്ങി 500 രൂപയുടെ മുദ്രപത്രം വാങ്ങി ഉപയോഗിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് ജനങ്ങള്‍. കെ.എസ്.ഇ.ബിയിലേക്കും ബാങ്ക്, വായ്പാ ആവശ്യങ്ങള്‍ക്കും വസതുവിൽപന, വാടക, വാഹന കരാറുകള്‍ എന്നിവക്ക് ഉടമ്പടി എഴുതാനുമായാണ് 100ന്റെയും 200ന്റെയും മുദ്രപത്രങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

