കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൊടിപൂരം
text_fieldsമലപ്പുറം കുന്നുമ്മൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ ബസ് ഇറങ്ങിയ കണ്ടക്ടർ പൊടി കാരണം മൂക്ക് പൊത്തുന്നു
മലപ്പുറം: യാർഡ് തകർന്ന്, പൊടിയിൽ മുങ്ങി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ. ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ യാർഡ് പൊടിയിൽ മൂടിയിരിക്കുകയാണ്. ബസുകൾ കയറിയിറങ്ങുമ്പോൾ ബസ്സ്റ്റാൻഡ് പരിസരം പൂർണമായും പൊടിയിൽ മുങ്ങുകയാണ്.
പൊടിമൂലം ബസ് കാത്തിരിക്കുന്ന യാത്രക്കാർ ക്ലേശമനുഭവിക്കുന്നു. പലരും തൂവാലകൊണ്ടും മാസ്ക് കൊണ്ടും മറച്ചാണ് പൊടിയിൽനിന്നും രക്ഷപ്പെടുന്നത്. നവീകരണം മന്ദഗതിയിലായ ഡിപ്പോയിലെ യാർഡ് കുണ്ടുംകുഴിയുമായിട്ട് വർഷങ്ങളായി. മഴയത്ത് വെള്ളക്കെട്ട്മൂലം യാത്രക്കാർ ദുരിതത്തിലായിരുന്നു.
ഈയിടെ കുഴിയടക്കാൻ മണ്ണിട്ടതാണ് പൊടി ശല്യം രൂക്ഷമാകാൻ കാരണമെന്ന് പറയുന്നു. രണ്ടു ബസുകൾ ഒരുമിച്ച് വന്നാൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പരിസരം പൊടിയിൽ മുങ്ങും. പൊടിയിൽനിന്ന് രക്ഷപ്പെടാൻ എസ്.എം ഓഫിസിന്റെയും റിസർവേഷൻ സെന്ററിന്റെയും മുൻഭാഗത്തെ കൗണ്ടർ പ്ലാസ്റ്റിക് ഷീറ്റിട്ടു മറച്ചിരിക്കുകയാണ്.
അതേസമയം, യാത്രക്കാരുടെ ഇരിപ്പിടങ്ങളിലെല്ലാം പൊടി നിറഞ്ഞിരിക്കുകയാണ്. പൊടിശല്യം ഇല്ലാതാക്കാൻ രാവിലെയും വൈകീട്ടും വെള്ളം നനച്ചുകൊടുക്കണമെന്ന നിർദേശം ഉയർന്നിരുന്നു. പ്രത്യേകം ഫണ്ട് ഇല്ലാത്തതാണ് ഇതിൽ തടസ്സമായത്.
പ്രതിദിനം നുറുകണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന ജില്ല ആസ്ഥാനത്തെ ഡിപ്പോയാണ് പൊടിയിൽ മുങ്ങി ശോച്യാവസ്ഥയിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

