പുഴകളിലെ മണൽ വാരൽ; അനുമതി നീളും
text_fieldsമലപ്പുറം: ജില്ലയിൽ പുഴകളിൽനിന്ന് മണൽ വാരുന്നതിനുള്ള അനുമതി നൽകൽ നീളും. അനുമതിക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതുമാണ് കാരണം. ജില്ലയിൽ ആദ്യഘട്ടം 17 കടവുകളിൽ നിന്നാണ് മണലെടുക്കാൻ സാധ്യതയുള്ളത്. കടലുണ്ടി, ചാലിയാർ പുഴകളിലെ കടവുകളാണ് പരിഗണനയിൽ മുന്നിലുള്ളത്.
കടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്. കടലുണ്ടിപ്പുഴയിൽ പെരിന്തൽമണ്ണ താലൂക്കിൽനിന്ന് രണ്ട് കടവുകളും ചാലിയാർ കടന്ന് പോകുന്ന ഏറനാട് താലൂക്കിലെ 11 കടവുകളും നിലമ്പൂർ താലൂക്കിലെ നാല് കടവുകളും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓരോ കടവുകളിൽ നിന്നും അഞ്ച് ഹെക്ടറിൽ താഴെ വരുന്ന സ്ഥലത്ത് നിന്നാണ് മണൽ വാരുന്നതിനുള്ള സാധ്യത പരിശോധിക്കുക. ഇവിടങ്ങളിൽ റവന്യു വകുപ്പിന്റെ പ്രാഥമിക പരിശോധന പൂർത്തിയായിട്ടുണ്ട്.
നദികളിൽനിന്ന് മണൽ വാരി വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലക്ക് ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിനിന്നും മണൽ വാരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപനം നടത്തിയത്. 200 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയിലെ പുഴകളിൽനിന്ന് മണല്‍ വാരിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

