കാക്കയുടെ ആക്രമണത്തിൽ പ്രാവിന് പരിക്കേറ്റു; അഭയമേകി അഗ്നിരക്ഷസേന
text_fieldsപെരിന്തൽമണ്ണ വെറ്ററിനറി സർജൻ പരിക്കേറ്റ പ്രാവിന് ചികിത്സ നൽകുന്നു
പെരിന്തൽമണ്ണ: പെെട്ടന്നുണ്ടായ പ്രകോപനത്തിൽ കാക്കകൾ കൂട്ടമായോ ഒറ്റക്കോ കൈകാര്യം ചെയ്തതാവാം ഈ പ്രാവിനെ. ചോര ഒലിച്ച് നിലത്തുവീണ് കിടക്കുന്ന പ്രാവിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ നഷ്ടമായിട്ടില്ല. പെരിന്തൽമണ്ണ അഗ്നിരക്ഷനിലയ പരിസരത്താണ് കാക്കയുടെ ആക്രമണത്തിൽ തലക്കും കണ്ണിനും പരിക്കേറ്റ് അവശനിലയിലായ പ്രാവിനെ കണ്ടത്. അഗ്നിരക്ഷസേന ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സുജിത്ത്, ഹോം ഗാർഡ് മുരളി എന്നിവർ സർക്കാർ വണ്ടിയിൽതന്നെ മൃഗാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ മുറിവിൽ രണ്ട് തുന്നലിട്ട് മൂന്ന് ദിവസത്തേക്ക് മരുന്ന് നൽകി.
പ്രാവിന്റെ തലയിലാണ് മുറിവ്. കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലാണ്. മൃഗാശുപത്രിയിലുള്ള മരുന്നിന് പുറമെ പുറത്തുനിന്നും മരുന്ന് വാങ്ങി. പരിചരണത്തിന് വേണ്ടി സ്റ്റേഷനിൽ തൽക്കാല ഇടമൊരുക്കിയിട്ടുണ്ട്. സുഖം പ്രാപിക്കുന്ന മുറക്ക് വിട്ടയക്കുമെന്ന് ജീവനക്കാർ പറഞ്ഞു. ബുധനാഴ്ച രാവിലെ 11നാണ് നിലത്തുവീണു കിടക്കുന്ന പ്രാവിനെ മുറിവിൽനിന്ന് രക്തമൊഴുകുന്ന നിലയിൽ കണ്ടത്. ഫയർ ആൻഡ് റെസ്ക്യൂ ജീപ്പെടുത്തു അപ്പോൾതന്നെ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ധാന്യങ്ങളും വെള്ളവും കൊടുക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

