ദാഹിക്കുന്നു വെള്ളം തടയരുത്
text_fieldsകൊണ്ടോട്ടി: വേനല്‍ ആരംഭത്തില്‍തന്നെ ജലക്ഷാമം രൂക്ഷമാകുന്ന കൊണ്ടോട്ടി നഗരസഭയിലെ ചെറുവട്ടൂര്‍ മേഖലയിലേക്ക് ദാഹജലമെത്തിക്കാന്‍ വിമാനത്താവള അതോറിറ്റി കനിയണം. മാര്‍ച്ച് മാസത്തോടെ കിണറുകളെല്ലാം വറ്റുന്ന പ്രദേശത്ത് 30ലധികം കുടുംബങ്ങളാണ് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കാറുള്ളത്. ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുവട്ടൂരിലേക്ക് വെള്ളമെത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും വിമാനത്താവള അതോറിറ്റിയുടെ അധീനതയിലുള്ള ക്രോസ് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ അനുമതി വേണം.
നഗരസഭയിലെ പാലക്കാപ്പറമ്പ് ഡിവിഷനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചെറുവട്ടൂര്‍. ജനവാസ മേഖലയായ പ്രദേശത്തെ ദാഹജല പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വര്‍ഷങ്ങളായി നടപടിയുണ്ടായിട്ടില്ല. ഈ മേഖലയിലെ കുടുംബങ്ങള്‍ക്കായി ചെറുകിട ജലവിതരണ പദ്ധതി പോലും നിലവിലില്ല. പരീക്ഷക്കാലമായ മാര്‍ച്ചോടെ കിണറുകളെല്ലാം വറ്റി വരളുമ്പോള്‍ കടുത്ത ജീവിത പ്രതിസന്ധിയാണ് തദ്ദേശീയര്‍ നേരിടാറുള്ളത്. മുന്‍വര്‍ഷങ്ങളിലെല്ലാം നഗരസഭ വാഹനത്തില്‍ വെള്ളമെത്തിച്ചാണ് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം കണ്ടിരുന്നത്.
പിലാത്തോട്ടം മുതല്‍ ചെറുവട്ടൂര്‍ വരെയുള്ള ഒരു കിലോമീറ്ററോളം നീളത്തിലുള്ള ക്രോസ് റോഡിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ മേഖലയിലെ ദാഹജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. വിമാനത്താവള അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ചീക്കോട് പദ്ധതിയുടെ ഭാഗമായി മേലങ്ങാടിയില്‍ നിര്‍മിക്കുന്ന ടാങ്കില്‍നിന്ന് ഇവിടേക്കും വെള്ളമെത്തിക്കാനാണ് പദ്ധതി. മേലങ്ങാടിയില്‍ ടാങ്കിന്റെ നിര്‍മാണവും പൈപ്പ് ലൈന്‍ സ്ഥാപിക്കലും പുരോഗമിക്കുകയാണ്.
ക്രോസ് റോഡിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി തേടി നഗരസഭ വിമാനത്താവള അതോറിറ്റിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. പ്രദേശത്തെ ദാഹജല പ്രശ്‌നം വ്യക്തമാക്കി വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ഫിറോസ് വിമാനത്താവള ഡയറക്ടര്‍ ആര്‍. മഹാലിംഗത്തിന് നിവേദനം നല്‍കി. പ്രശ്‌നം അനുഭാവപൂർവം പരിഗണിക്കാമെന്നും അനുമതിക്കായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞതായി കൗണ്‍സിലര്‍ അറിയിച്ചു.
റോഡ് പ്രവൃത്തി മൂലം ശുദ്ധജല വിതരണം മുടങ്ങിയിട്ട് ആറുമാസം
മഞ്ചേരി: എരഞ്ഞിമാവ്- നെല്ലിപ്പറമ്പ് റോഡ് പ്രവൃത്തിയുടെ ഭാഗമായി ജല അതോറിറ്റിയുടെ വിതരണ ലൈൻ അറ്റകുറ്റപ്പണി നടത്തുന്നത് പൂർത്തിയാകാത്തതിനാൽ നഗരസഭയുടെ മൂന്ന് വാർഡുകളിൽ ശുദ്ധജലം വിതരണം മുടങ്ങിയിട്ട് ആറുമാസം. ഇതോടെ ആയിരത്തോളം കുടുംബങ്ങൾ പ്രയാസത്തിൽ. സംഭവത്തിൽ പ്രതിഷേധിച്ച് മുഴുവൻ ഉപഭോക്താക്കളെയും അണിനിരത്തി മാർച്ച് നാലിന് വൈകീട്ട് നാലിന് ബഹുജന ധർണ നടത്തുമെന്ന് മുസ്ലിം ലീഗ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിലവിലുണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ വിതരണ ലൈൻ മാറ്റി റോഡിെൻറ ഇരുവശത്തുകൂടി പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആറ് മാസമായിട്ടും പൂർത്തിയാവാതെ നീണ്ടുപോകുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകീകരണം ഇല്ലാത്തതാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമെന്ന് നേതാക്കൾ ആരോപിച്ചു. വേനൽ കടുത്തതോടെ പലയിടത്തെയും കിണറുകൾ വറ്റിത്തുടങ്ങി.
പൈപ്പ് ലൈനുകളെ മാത്രം ആശ്രയിച്ചാണ് നിരവധി കുടുംബങ്ങൾ കഴിയുന്നത്.
ജലവിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ നഗരസഭ കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, മേച്ചേരി ഹുസൈൻ ഹാജി, എൻ.കെ. ഖൈറുന്നീസ, മുസ്ലിം ലീഗ് നേതാക്കളായ എം. ഉണ്ണിമായിൻ, സൈനുൽ ആബിദീൻ, റഫീഖ് മേച്ചേരി, ബാബു മേച്ചേരി, എൻ.കെ. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

