തെരഞ്ഞെടുപ്പ് ചൂടിലേക്ക് ജില്ല; എൽ.ഡി.എഫ് ഇന്ന് കളത്തിലിറങ്ങും
text_fieldsവയനാട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ നിലമ്പൂർ ടൗണിൽ ആനിരാജയുടെ പ്രചാരണബോർഡ് സ്ഥാപിച്ചപ്പോൾ
മലപ്പുറം: അത്യുഷ്ണത്തെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് ജില്ല. മലപ്പുറത്തും പൊന്നാനിയിലും വയനാട്ടിലും സ്ഥാനാർഥികളെ തീരുമാനിച്ച ഇടതുമുന്നണി, ചൊവ്വാഴ്ച ഗോദയിലിറങ്ങും. ബുധനാഴ്ച യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനവും വരും. ഇതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. ഇരു മുന്നണികളും ഈ ആഴ്ചതന്നെ പോർകളത്തിൽ സജീവമാകും. എൻ.ഡി.എ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും. മലപ്പുറത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആണ് ഇടതിന്റെ തേര് തെളിയിക്കുന്നത്. ലീഗിന്റെ പൊന്നാപുരം കോട്ടയിൽ എസ്.എഫ്.ഐ അഖിലേന്ത്യ നേതാവ് വി.പി. സാനുവിനുശേഷം ഒരിക്കൽകൂടി യുവനേതാവിനെ പരീക്ഷിക്കുകയാണ് സി.പി.എം.
കോഴിക്കോട് കൊടിയത്തൂർ സ്വദേശിയായ വസീഫ് ചൊവ്വാഴ്ച മണ്ഡലത്തിൽ സജീവമാകും. കൂമ്പാറ എഫ്.എം.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ വസീഫ് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗമാണ്. പൊന്നാനിയിൽ ലീഗിനെ നേരിടാൻ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസയെ കളത്തിലിറക്കി ഉശിരൻ പോരാട്ടത്തിനാണ് സി.പി.എം ഒരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിറകെ ബുധനാഴ്ച കെ.എസ്. ഹംസ മണ്ഡലത്തിൽ സജീവമാകും. ഇരു സമസ്തകളുമായും അടുത്ത ബന്ധംപുലർത്തുന്ന നേതാവാണ് കെ.എസ്. ഹംസ.
തൃശൂർ ചേലക്കര തൊഴുപ്പാടം സ്വദേശിയായ ഹംസ, മുസ്ലിംലീഗിന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. കുഞ്ഞാലിക്കുട്ടിയടക്കം ഉന്നത നേതാക്കളുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഹംസ ലീഗിൽനിന്നും പുറത്താക്കപ്പെട്ടത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും എ.ഐ.സി.സിയിൽനിന്നും വ്യക്തത വന്നിട്ടില്ല. എന്നാൽ, സി.പി.ഐ വയനാട്ടിൽ ദേശീയ മഹിള നേതാവ് ആനി രാജയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചുകഴിഞ്ഞു. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആനി രാജ മാർച്ച് ഒന്നിന് വയനാട് മണ്ഡലത്തിൽ സജീവമാകും. മാർച്ചിന് രണ്ടിന് നിലമ്പൂർ, വണ്ടൂർ, ഏറനാട് അസംബ്ലി മണ്ഡലങ്ങളിലും സി.പി.ഐ സ്ഥാനാർഥി സന്ദർശനത്തിനെത്തും. സ്ഥാപനങ്ങളിലും പ്രധാന വ്യക്തികളേയും ആനി രാജ സന്ദർശിക്കും. പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് ഇടതു മുന്നണി പ്രചാരണത്തിന് തുടക്കംകുറിച്ചു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് മെംബറും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജന. സെക്രട്ടറിയുമായ ആനിരാജ കണ്ണൂർ ആറളം സ്വദേശിയാണ്. സി.പി.ഐ ജന.സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്.
ആനിരാജയുടെ സ്ഥാനാർഥിത്വം: ബോര്‍ഡുകള്‍ സ്ഥാപിച്ചു
നിലമ്പൂര്‍: ആനിരാജയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ എല്‍.ഡി.എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നിലമ്പൂരിലെ വിവിധ പ്രദേശങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. എല്‍.ഡി.എഫ് നിലമ്പൂര്‍ അസംബ്ലി മണ്ഡലം കണ്‍വീനര്‍ ഇ. പത്മാക്ഷന്റെ നേതൃത്വത്തിൽ നിലമ്പൂരിന്റെ ഹൃദയഭാഗത്ത് കൂറ്റൻ ബോര്‍ഡ് സ്ഥാപിച്ച് തിങ്കളാഴ്ച പ്രചരണത്തിന് തുടക്കം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

