പരിസരവാസികൾക്ക് ദുരിതമായി ജില്ല കോഴി വളർത്തൽ കേന്ദ്രം
text_fieldsകഞ്ഞിപ്പുരയിൽ പ്രവർത്തിക്കുന്ന ജില്ല കോഴി വളർത്തൽ കേന്ദ്രം
കഞ്ഞിപ്പുര: ജില്ല കോഴി വളർത്തൽ കേന്ദ്രം പരിസരവാസികൾക്ക് ദുരിതം വിതക്കുന്നതായി പരാതി. ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡായ കഞ്ഞിപ്പുരയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് പൊടിശല്യം മൂലം പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. വർഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ അടുത്ത കാലത്തായാണ് പൊടിശല്യം തുടങ്ങിയത്. മുമ്പ് ഒന്നോ രണ്ടോ ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് 45 ദിവസം വളർത്തി വിതരണം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ ഇവിടെ തന്നെ മുട്ട വിരിയിച്ച് വളർത്തുന്ന രീതിയാണ്. വലിയ കോഴികൾ വന്നതോടെയാണ് പ്രദേശവാസികൾക്ക് ദുരിതം തുടങ്ങിയത്.
കോഴികൾ പാറുന്ന സമയത്തും ഷെഡുകൾ വൃത്തിയാക്കുന്ന സമയത്തും വലിയ പൊടിശല്യമാണ്. വീടുകൾക്കുള്ളിൽ വരെ തൂവലും പൊടിയും എത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനാൽ ഭക്ഷണം കഴിക്കാനോ തുണികൾ ഉണക്കാനോ കഴിയുന്നില്ല. നിരവധി പരാതികൾ കൊടുത്തെങ്കിലും അധികൃതർ ഗൗരവത്തിൽ എടുക്കാത്ത അവസ്ഥയാണ്. സി.പി.എം ആതവനാട് ലോക്കൽ കമ്മിറ്റി അംഗവും പരിസരവാസിയുമായ ചാരത്ത് രാജേഷ് ജില്ല കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മലിനീകരണനിയന്ത്രണബോർഡ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.
ബോർഡിന്റെ അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ച് മലിനീകരണ നിയന്ത്രണബോർഡിന്റെ അംഗീകാരം നേടിയെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കോഴി വളർത്തൽ കേന്ദ്രം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ശാശ്വത നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വീടുകളോട് ചേർന്ന ഷെഡുകളിൽ നിന്ന് വലിയ കോഴികളെ മറ്റ് ഷെഡുകളിലേക്ക് മാറ്റാനും ചുറ്റുമതിൽ ഉയരം കൂട്ടാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ല പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി തവണ പരിസരവാസികളുടെ പ്രശ്നങ്ങൾ ജില്ലാ പഞ്ചായത്ത് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും ആവശ്യമായ ഫണ്ട് അനുവദിക്കാനും തയാറായിട്ടില്ല. സംസ്ഥാന സർക്കാർ താലൂക്കടിസ്ഥാനത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ പരാതി നൽകിയിട്ടുണ്ട്. മന്ത്രിമാർ പങ്കെടുക്കുന്ന ഈ അദാലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

