ജില്ല പഞ്ചായത്ത് ഓഫിസിൽ ഇനി 'തൊടാതെ' കടക്കാം
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് ഓഫിസിൽ പ്രവേശിക്കുന്നവർ ഇനി കോവിഡ് ജാഗ്രതയുടെ ഭാഗമായി രജിസ്റ്ററിൽ പേരും വിലാസവും ഫോൺ നമ്പറും എഴുതേണ്ടതില്ല. ഓഫിസ് ചുമരിൽ സ്ഥാപിച്ച ക്യൂ.ആർ കോഡ് കൈയിലെ സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്താൽ വിവരങ്ങൾ രജിസ്റ്ററിൽ പതിയും. പലരും ഒരേ പേന ഉപയോഗിക്കുന്നതും ബുക്കിൽ കൈകൊണ്ട് തൊടുന്നതും ഒഴിവാക്കാനാണ് എഴുതുന്നരീതി മാറ്റി മൊബൈൽ ഫോണിൽ പ്രത്യേക ആപ് ഡൗൺലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനത്തിലേക്ക് മാറിയത്.
ഈ ആധുനിക സാങ്കേതികവിദ്യ സംവിധാനിച്ച ആദ്യത്തെ തദ്ദേശഭരണ സ്ഥാപനമാണ് മലപ്പുറം ജില്ല പഞ്ചായത്ത്.
ഇൻസൈഡ് ഇൻ എന്ന പ്രത്യേക ആപ് തയാറാക്കിയത് മലപ്പുറം വാറങ്കോട്ട് പ്രവർത്തിക്കുന്ന സ്പൈൻ എന്ന സോഫ്റ്റ്വെയർ കമ്പനിയാണ്. ആപ്പ് മൊബൈൽ ഫോണിലെ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകിയ ചുവരിൽ പതിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് OK ബട്ടൺ അമർത്തിയാൽ വിവരങ്ങൾ സെക്രട്ടറിയുടെ ഫോണിലെത്തും. പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, അനിത കിഷോർ, സെക്രട്ടറി എൻ. അബ്ദുറഷീദ്, സി.പി. മുഹമ്മദ് ഹാഷിം, പി. മുഹമ്മദ് സുഹൈബ്, ടി.പി. അസ്ഹർ എന്നിവർ സംബന്ധിച്ചു.