ടി.പി. ഹാരിസ് കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയില്ല; തുടർനടപടിക്ക് ജില്ല പഞ്ചായത്ത് തീരുമാനം
text_fieldsടി.പി. ഹാരിസ്
മലപ്പുറം: സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കുറ്റത്തിൽ പ്രതിചേർക്കപ്പെട്ട ജില്ല പഞ്ചായത്ത് മക്കരപ്പറമ്പ് ഡിവിഷൻ അംഗം ടി.പി. ഹാരിസിന് തുടർച്ചയായി മൂന്ന് മാസം ഭരണ സമിതി, സ്ഥിരസമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിന് ജില്ല പഞ്ചായത്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചില്ല. നോട്ടീസ് ഹാരിസ് കൈപ്പറ്റാതെ ജില്ല പഞ്ചായത്തിലേക്ക് തിരിച്ച് വന്നു. ഇതോടെ വിഷയത്തിൽ തുടർനടപടി എടുക്കണമെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ രേഖാമൂലം വിവരം അറിയിക്കാൻ ശനിയാഴ്ച ചേർന്ന ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. സെക്രട്ടറി മുഖാന്തിരമാകും ജില്ല പഞ്ചായത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വിഷയം ധരിപ്പിക്കുക. കത്തിൽ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ എടുക്കട്ടെയെന്ന് ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ.റഫീഖ യോഗത്തിൽ അറിയിച്ചു.
ജില്ല പഞ്ചായത്ത് സെക്രട്ടറി ആഗസ്റ്റ് 22നാണ് ഹാരിസിന് നോട്ടീസ് നൽകിയത്. നോട്ടീസ് കിട്ടി 15 ദിവസത്തിനകം ഹാരിസ് മറുപടി നൽകേണ്ടതായിരുന്നു. അവധിക്ക് അപേക്ഷ നൽകിയതോ, അവധി അനുവദിച്ച വിവരങ്ങളോ, ഹാജരാകാത്തതു സാധൂകരിക്കുന്നതിന് യുക്തമായ മറുപടിയോ രേഖമൂലം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ല പഞ്ചായത്തിന്റെ കഴിഞ്ഞ മേയ് 12ന് ശേഷമുള്ള യോഗങ്ങളിൽ ടി.പി. ഹാരിസ് പങ്കെടുത്തിട്ടില്ല. പഞ്ചായത്തീരാജ് നിയമപ്രകാരം തുടർച്ചയായി മൂന്നു മാസക്കാലം അനുവാദമില്ലാതെ സ്ഥിരസമിതി യോഗങ്ങളിലോ, ഭരണസമിതി യോഗങ്ങളിലോ ഹാജരാകാതിരിക്കുകയോ, ഭരണസമിതിയുടെയോ സ്ഥിരസമിതിയുടെയോ മൂന്നിൽ കുറവു യോഗങ്ങൾ ചേരുന്ന പക്ഷം അതിന്റെ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ ചെയ്താൽ അംഗത്തിന് അയോഗ്യതക്കു കാരണമാകുമെന്നാണ് വ്യവസ്ഥ.
നിലവിൽ മൂന്ന് മാസത്തിനകം ആറോളം യോഗങ്ങൾ ചേർന്നിട്ടുണ്ട്. അംഗം വിശദീകരണം നൽകിയില്ലെങ്കിൽ നടപടിക്രമം പ്രകാരം അയോഗ്യത നടപടികളുടെ തീരുമാനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

