വെട്ടിപ്പൊളിച്ച റോഡ് പൂർവ സ്ഥിതിയിലാക്കുന്നില്ല; ജലജീവൻ മിഷനെതിരെ ജില്ല പഞ്ചായത്ത് നിയമനടപടിക്ക്
text_fieldsമലപ്പുറം ജില്ല പഞ്ചായത്ത്
മലപ്പുറം: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാനായി വെട്ടിപൊളിച്ച റോഡുകൾ സമയബന്ധിതമായി പൂർവസ്ഥിതിയിലാക്കാത്തതിനെതിരെ ജില്ല പഞ്ചായത്ത് നിയമ നടപടിയിലേക്ക്. ഭരണസമിതിയുടെ അനുമതി തേടാതെയാണ് പലയിടങ്ങളിലും റോഡ് വെട്ടിപൊളിച്ചത്.
പൈപ്പിടാനായി കീറിയ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ കരാറുകാർ അലംഭാവം കാണിക്കുകയാണ്. പണികഴിഞ്ഞ് വർഷങ്ങളായിട്ടും പൂർവസ്ഥിതിയിലാക്കാത്ത റോഡുകളുണ്ട്. റോഡ് തകർച്ച സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും വ്യാപകമായ പരാതി ഉയർന്നുവരുന്നതായി പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
പ്രവൃത്തി സംബന്ധിച്ച കൃത്യമായ അറിയിപ്പ് ലഭിക്കാത്തതുമൂലം ജില്ല പഞ്ചായത്ത് പദ്ധതികളുടെ നടത്തിപ്പിന് കാലതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജലജീവൻ മിഷനും കരാറുകാർക്കുമെതിരെ നിയമനടപടിയിലേക്ക് നീങ്ങാനുള്ള ബോർഡ് തീരുമാനം.
നവജ ഗ്രാമം പദ്ധതിയുടെ ഒന്നാംഘട്ടമായി ഒരു ഡിവിഷനിൽ ഒന്ന് എന്ന തോതിൽ തെരുവുവിളക്ക് സ്ഥാപിക്കും. ഇതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സമ്മതപത്രം വാങ്ങാൻ ബോർഡ് യോഗം തീരുമാനിച്ചു. വണ്ടൂരിലെ ഹോമിയോ കാൻസർ ആശുപത്രിയിൽ പേവാർഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറിലും മുചക്ര വാഹന വിതരണം ഓണത്തിനുശേഷവും നടക്കും. ഇലക്ട്രോണിക് വീൽചെയറിന് നാലു പഞ്ചായത്തുകളുടെ ഭരണസമിതി തീരുമാനം ലഭ്യമാവാനുണ്ട്.
സ്കൂകൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് സംബന്ധിച്ച് പരാതികളുയർന്ന സാഹചര്യത്തിൽ എല്ലാ വിദ്യാലയങ്ങളിലേക്കും വീണ്ടും കത്ത് നൽകാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് അസി. എൻജിനീയർമാർ കെട്ടിടങ്ങൾ പരിശോധിക്കണമെന്ന നിലക്ക് കത്ത് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. മരുത ഹൈസ്കൂൾ മതിൽ പൊളിഞ്ഞുവീഴാറായ നിലയിലാണെന്നും അടിയന്തര നടപടി വേണമെന്നും വഴിക്കടവ് ഡിവിഷൻ അംഗം ഷൊറോണ റോയ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

