വെറുതെ പ്രതീക്ഷിച്ചു; ജില്ലക്ക് കാലി ബജറ്റ്
text_fieldsമലപ്പുറം: കേന്ദ്ര ബജറ്റിൽ ജില്ലക്കും നിരാശ മാത്രം ബാക്കി. റെയിൽവേ വികസനം, പെരിന്തൽമണ്ണ അലീഗഢ് കാമ്പസ് വികസനം, കരിപ്പൂർ വിമാനത്താവള വികസനം, തീരദേശ വികസനം, വന്യജീവി ആക്രമണം തടയൽ, പുതിയ നൂതന പദ്ധതികൾ എന്നിവക്കൊന്നും കാര്യമായ പ്രഖ്യാപനങ്ങളില്ല. മൂന്ന് ലോക്സഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മലപ്പുറത്തിന് മുൻ വർഷങ്ങളിലും ഇതേ സ്ഥിതിയായിരുന്നു. പൊന്നാനി, മലപ്പുറം, വയനാട് മണ്ഡലങ്ങളെല്ലാം അൽപം പ്രതീക്ഷയോടെയായിരുന്നു ബജറ്റിനെ നോക്കിയിരുന്നത്. ജില്ലയുടെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി 2024 നവംബർ-ഡിസംബർ മാസങ്ങളിൽ തന്നെ എം.പിമാർ കേന്ദ്രത്തിന് നിർദേശങ്ങളും സമർപ്പിച്ചിരുന്നു. ഇതിൽനിന്ന് പ്രധാനപ്പെട്ടത് പോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് എം.പിമാർ അറിയിച്ചു. നിലവിൽ മലയോര മേഖലയിൽ വന്യജീവി സംഘർഷം കാരണം ജനം പൊറുതി മുട്ടിയിരിക്കുകയാണ്.
നിരന്തരമുള്ള ആക്രമണം കാരണം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ട്. എന്നാൽ പ്രഖ്യാപനത്തിൽ ഇവ ഉൾപ്പെട്ടില്ല. ജില്ലയിലെ തീരദേശ മേഖലയുടെ വികസനത്തിന് യാതൊരു പ്രഖ്യാപനും ഇടം പിടിച്ചിട്ടില്ല. ജില്ലയോടും സംസ്ഥാനത്തോടുമുള്ള അവഗണനക്കെതിരെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസമദ് സമദാനി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ തുടങ്ങിയവർ രംഗത്തെത്തി.
അഭിവൃദ്ധി ഉറപ്പാക്കുന്ന ബജറ്റ് -ബി.ജെ.പി
മലപ്പുറം: സമൂഹത്തില്‍ നാനാതലങ്ങളില്പ്പെട്ട ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയും ഉറപ്പാക്കുന്നതാണ് ബജറ്റിലുള്ളതെന്ന് ബി.ജെ.പി മലപ്പുറം സെന്‍ട്രല്‍ ജില്ല പ്രസിഡന്റ് പി. സുബ്രഹ്മണ്യന്. നരേന്ദ്രമോദി സര്‍ക്കാര്‍ പത്തുവര്ഷങ്ങളില് നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നികുതിയിളവടക്കം ബജറ്റില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

