ജില്ല സജ്ജം; 36.18 ലക്ഷം വോട്ടര്‍മാർ
text_fieldsമലപ്പുറം: തദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കാൻ ജില്ലയിലെ 36,18,851 വോട്ടര്‍മാർ വ്യാഴാഴ്ച ബൂത്തിലേക്ക്. 17,40,280 പുരുഷന്മാരും 18,78,520 സ്ത്രീകളും 51 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെയാണിത്. 94 ഗ്രാമപഞ്ചായത്തുകളിലായി 29,91,292 വോട്ടര്‍മാരും (പുരുഷന്- 14,38,848, സ്ത്രീകള്‍- 15,52,408, ട്രാന്‍സ്ജെന്‍ഡര്‍ 36) 12 നഗരസഭകളിലായി 6,27,559 വോട്ടര്‍മാരും (പുരുഷന്- 3,01,432 സ്ത്രീകള്‍- 3,26,112, ട്രാന്‍സ്ജെന്‍ഡര്‍ 15) ആണുള്ളത്. 517 പ്രവാസികള്‍ ഗ്രാമപഞ്ചായത്തിലും 85 പേര് നഗരസഭയിലും വോട്ടര്‍മാരായുണ്ട്. 94 ഗ്രാമപഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, 12 മുനിസിപ്പാലിറ്റികള്‍ എന്നിവയുള്‍പ്പെടെ ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലെ 2788 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. (മൂത്തേടം ഏഴാം വാർഡിലെ വോട്ടെടുപ്പ് സ്ഥാനാർഥിയുടെ നിര്യാണംമൂലം മാറ്റി).
ജില്ലയിൽ ആകെ 8381 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 4363 പുരുഷന്മാരും 4018 സ്ത്രീകളുമാണ്. തെരഞ്ഞെടുപ്പിനായി 4343 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജമാക്കിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 3777ഉം നഗരസഭയിൽ 566ഉം ബൂത്തുകളുണ്ട്. 203 പ്രദേശങ്ങളിലായി 295 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. 277 പ്രശ്നബാധിത, 18 അതീവ പ്രശ്നബാധിത ബൂത്തുകളിലാണിത്. 15,260 ബാലറ്റ് യൂനിറ്റുകളും 5600 കണ്ട്രോള് യൂനിറ്റുമാണ് ജില്ലയില്‍ ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 14,490 ബാലറ്റ് യൂനിറ്റുകളും 4830 കണ്ട്രോള് യൂനിറ്റുകളും നഗരസഭകളിൽ 770 വീതം കണ്ട്രോള്-ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കും. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ നടക്കും. രാവിലെ ആറിന് മോക്പോള്‍ നടക്കും.
20,848 പോളിങ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ
ആകെ 20,848 പോളിങ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 4343 വീതം പ്രിസൈഡിങ് ഓഫിസര്‍മാരും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരും 8686 പോളിങ് ഓഫിസര്‍മാരും വിവിധ പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടിയിലുണ്ടാവും. 869 വീതം പ്രിസൈഡിങ്, ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍, 1738 പോളിങ് ഓഫിസര്‍മാര്‍ എന്നിവര്‍ റിസര്‍വിലുമുണ്ടാവും.
നോട്ടയില്ല, ‘എൻഡ്’ ബട്ടൺ ഉപയോഗപ്പെടുത്താം
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ‘നോട്ട’ രേഖപ്പെടുത്താന്‍ സാധിക്കുകയില്ല. എന്നാല്‍, ഒരു സമ്മതിദായകന് ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഏതെങ്കിലും ഒരു തലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ചാല്‍ അയാള്‍ക്ക് താൽപര്യമുള്ള തലത്തിലെ വോട്ട് മാത്രം രേഖപ്പെടുത്തിയശേഷം അവസാന ബാലറ്റിലെ ‘എന്‍ഡ്’ ബട്ടണ്‍ പ്രസ് ചെയ്ത് വോട്ടിങ് അവസാനിപ്പിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.
അവശതയുള്ളവർക്ക് സഹായിയെ അനുവദിക്കും
അന്ധത മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനോ വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടണോട് ചേര്‍ന്നുള്ള ബ്രയില്‍ ലിപി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യം വരുന്ന പക്ഷം, വോട്ടര്‍ക്ക് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ചും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുന്നതിന് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ കൊണ്ടുപോകാന്‍ അനുവദിക്കും.
അത്തരം അവസരത്തില്‍ സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

