പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ദുരവസ്ഥ: ഇടപെടാമെന്ന് ആരോഗ്യ ഡയറക്ടർ
text_fieldsപെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ ദുരവസ്ഥ സംബന്ധിച്ച് ജനപ്രതിനിധി സംഘം ആരോഗ്യ ഡയറക്ടർ ഡോ.കെ.ജെ. റീനയുമായി ചർച്ച നടത്തുന്നു
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കണമെന്ന് ആശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുമായി ജനപ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ആശുപത്രിക്ക് എട്ടുമാസമായി സൂപ്രണ്ടില്ലാത്തതും 170 കിടക്കകളുള്ള ഇവിടെ 240 പേരെ വരെ കിടത്തിച്ചികിത്സിച്ചിരുന്നതും ഇപ്പോൾ 50 നും 60 നും ഇടയിൽ രോഗികൾ മാത്രമായി ചുരുങ്ങിയതും നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ആരോഗ്യ ഡയറക്ടറെ ധരിപ്പിച്ചു. മന്ത്രി വീണ ജോർജിനെ സന്ദർശിച്ച് ആശുപത്രിയുടെ സ്ഥിതി ധരിപ്പിക്കാനാണ് സംഘം പോയത്. എന്നാൽ മന്ത്രി ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലായതിനാൽ കാണാനായില്ല. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം ഡോക്ടർമാർ അവധിയിലാണ്. അനസ്തേഷ്യ ഡോക്ടർ കോട്ടയത്തു നിന്നെത്തി അവധിയിൽ പോയിരിക്കുകയാണ്.
കൺസൽട്ടന്റ് ജനറൽ മെഡിസിൻ, കൺസൽട്ടന്റ് ജനറൽ സർജറി, ദന്തൽ സർജൻ എന്നിവയിൽ ആളില്ല. നഴ്സിങ് അസിസ്റ്റൻറ് രണ്ടും ഹോസ്പിറ്റൽ അസിസ്റ്റൻറ് രണ്ടും ഗ്രേഡ് രണ്ടിൽ മൂന്നും ഒഴിവുള്ള കാര്യവും സംഘം അറിയിച്ചു. ഇവ നികത്തേണ്ടത് ജില്ല മെഡിക്കൽ ഓഫിസറാണെന്നായിരുന്നു മറുപടി. നഴ്സുമാരുടെ തസ്തികകൾ പ്രൊമോഷൻ തസ്തികയിലാണ്. ശിശുരോഗ ഡോക്ടറെ അവധി റദ്ദാക്കി തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും രോഗികൾക്ക് ചികിത്സ നൽകാനാവാത്ത കാര്യം ആരോഗ്യഡയറക്ടർ ഫോണിൽ ഡി.എം.ഒ അടക്കമുള്ളവരോട് തിരക്കി.
ആഗസ്റ്റിൽ ആരോഗ്യ ഡയറക്ടർ ആശുപത്രി സന്ദർശിക്കും. ആശുപത്രിയുടെ ദുരവസ്ഥ സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു. നജീബ് കാന്തപുരം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം, പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻറ് എ.കെ. മുസ്തഫ, എച്ച്.എം.സി അംഗങ്ങളായ അഡ്വ.എസ്. അബ്ദുൽ സലാം, ഇ. രാജേഷ്, ഹംസ പാലൂർ, കുറ്റീരി മാനുപ്പ, ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, സെക്രട്ടറി എസ്. ബിജു എന്നിവരായിരുന്നു സംഘത്തിൽ.
സ്റ്റാഫ് പാറ്റേൺ പുതുക്കാൻ ഡി.എം.ഒയുടെ റിപ്പോർട്ട് ലഭിച്ചില്ലെന്ന് ഡി.എച്ച്.എസ്
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ പുതുക്കേണ്ടതുണ്ടോ എന്ന് ആരോഗ്യ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ വഴി ആറുമാസം മുമ്പ് അന്വേഷിച്ചിരുന്നെന്നും ഡി.എം.ഒ അതിന് മറുപടി നൽകിയിട്ടില്ലെന്നും ആരോഗ്യ ഡയറക്ടർ(ഡി. എച്ച്. എസ്)ജനപ്രതിനിധികളെ അറിയിച്ചു. ആശുപത്രിയുടെ സ്ഥിതി ബോധ്യപ്പെടുത്താനെത്തിയവരോട് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയെ 2014 ൽ അന്നത്തെ യു.ഡി.എഫ് സർക്കാറാണ് ജില്ല ആശുപത്രിയാക്കി ഉയർത്തിയത്. സ്വാഭാവികമായും ആവശ്യമായ തസ്തികകളും ഒപ്പം സൃഷ്ടിക്കേണ്ടതായിരുന്നു. പുതിയ മാതൃശിശു ബ്ലോക്ക് പൂർത്തിയായ ഘട്ടത്തിൽ നഴ്സിങ്, പാരാമെഡിക്കൽ തസ്തിക സൃഷ്ടിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ ഉള്ള സേവനവും നിലവിൽ ലഭിക്കാത്ത സ്ഥിതിയാണെന്നിരിക്കെ കഴിഞ്ഞ പത്തുവർഷത്തോളമായി ഉയരുന്നതാണ് തസ്തികപുനക്രമീകരണം നടത്തണമെന്ന്. ഒ.പിയിലും കിടത്തിച്ചികിൽസയിലും അത്യാഹിത വിഭാഗത്തിലും വരുന്ന രോഗികളുടെ എണ്ണമാണ് ഇതിന് മാനദണ്ഡമാക്കുക. നിലവിൽ തസ്തിക പ്രകാരം ഡോക്ടർ 31, സ്റ്റാഫ് നഴ്സ് 26, ഹെഡ് നഴ്സ് എട്ട്, ലാബ് ടെക്നീഷ്യൻ അഞ്ച്, ഫാർമസിസ്റ്റ് ഏഴ് മറ്റു അനുബന്ധ തസ്തികളിൽ ഒാരോന്ന് വീതവുമാണിവിടെ.
2020 സെപ്റ്റംബറിൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് കിഫ്ബി വഴി അനുവദിച്ച 11.39 കോടി രൂപ ചെലവിടാൻ ഇനിയും രൂപരേഖ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ ഡയറക്ടർ ജില്ല പഞ്ചായത്തിനെ അറിയിച്ചു. ഭരണാനുമതിയായ വികസന പദ്ധതി മൂന്നു വർഷത്തോളമായിട്ടും കടലാസിലുറങ്ങുന്നത് സംബന്ധിച്ച് പൊതുജനങ്ങൾ വിമർശനമുയർത്താൻ തുടങ്ങിയതോടെയാണ് പദ്ധതിയുടെ സ്ഥിതി തേടാൻ എച്ച്.എം.സി യോഗത്തിലെ തീരുമാന പ്രകാരം ജില്ല പഞ്ചായത്ത് ഒരുങ്ങിയത്. ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല.