കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രതീക്ഷ മങ്ങി
text_fieldsമലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നാലാം നിലയിൽ ഡയാലിസിസ് യൂനിറ്റ് തുടങ്ങുമെന്ന പ്രതീക്ഷക്ക് മങ്ങൽ. ഡയാലിസിസ് യൂനിറ്റ് തുടങ്ങാൻ എസ്റ്റിമേറ്റ് തയാറാക്കാൻ ആവശ്യപ്പെട്ട് നൽകിയ കത്തിന് ഭൗതിക സാഹചര്യങ്ങൾ ഇല്ലെന്ന് കാണിച്ച് ആശുപത്രി അധികൃതർ ജില്ല മെഡിക്കൽ ഓഫിസർക്ക് മറുപടി നൽകിയെന്ന് വിവരാവകാശ രേഖ.
ഡയാലിസിസ് യൂനിറ്റ് ആംരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ മുകളിൽ നാലാം നിലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ ഡയാലിസിസ് തുടങ്ങാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് ഡയാലിസിസ് തുടങ്ങാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചിരുന്നു.
എസ്റ്റിമേറ്റ് ആവശ്യപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലും തുടർന്ന് ഏപ്രിലിലും ജില്ല ഓഫിസിൽ നിന്ന് വീണ്ടും കത്തുകൾ അയച്ചിട്ടും ആശുപത്രി അധികൃതർ എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് കോഡൂർ ഒറ്റത്തറയിലെ മച്ചിങ്ങൽ മുഹമ്മദ് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് ആവശ്യപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസിൽ നിന്നും രണ്ട് കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഡയാലിസിസ് തുടങ്ങാൻ ഭൗതിക സാഹചര്യം ഇല്ല എന്ന് കാണിച്ച് കത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും അറിയിച്ചത്.
പുതിയ ബ്ലോക്കിന് മുകളിൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കി ഡയാലിസിസ് തുടങ്ങാൻ സാധിക്കുമെന്നിരിക്കെയാണ് രണ്ട് വർഷത്തിന് ശേഷം സൗകര്യം ഇല്ല എന്ന് കാണിച്ച് ആശുപത്രി അധികൃതർ മറുപടി നൽകിയത്. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ച വേളയിലും ഡയാലിസ് കേന്ദ്രം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒ.പിയിൽ അത്യാഹിത വിഭാഗം; ചൊവ്വാഴ്ചക്കകം പ്രവർത്തന സജ്ജമാക്കിയേക്കും
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ ബലക്ഷയമുള്ള പ്രധാന കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ സാധനങ്ങൾ അധികൃതർ മാറ്റുന്നതിന്റെ ഭാഗമായി ഒ.പി കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കി തുടങ്ങി. ജൂലൈ അഞ്ചിന് ബെഡുകളും അനുബന്ധ ഉപകരണങ്ങളും മാറ്റിയിരുന്നു. ഞായറാഴ്ച ഒ.പിയിൽ അടിയന്തിര വൈദ്യുതീകരണ, ഫാബ്രിക്കേഷൻ പ്രവൃത്തികൾ നടത്തി.
ചൊവ്വാഴ്ചക്കകം ഒ.പിയിലെ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്. അത്യാഹിത വിഭാഗം ഒ.പിയിലേക്ക് മാറ്റുന്നത് വരെ അൺ ഫിറ്റായ കെട്ടിടത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു.
നിലവിൽ ഒ.പിയിലെ പ്രവേശന കവാടത്തിനോട് ചേർന്നാണ് അത്യാഹിത വിഭാഗത്തിന് സൗകര്യമൊരുക്കുന്നത്. അനുബന്ധ സൗകര്യങ്ങൾ നഗരസഭയുടെ 40 ലക്ഷം രൂപ ചെലവിൽ കെട്ടിടത്തിനോട് ചേർന്ന് മേൽക്കൂര ഒരുക്കി താത്കാലിക മുറികളും സ്ഥാപിച്ച് അതിലേക്ക് മാറ്റിയേക്കും. പദ്ധതിക്ക് ഡി.പി.സി അംഗീകാരം ലഭിച്ചാൽ നിർമാണത്തിലേക്ക് കടക്കാനും. ഒ.പി കെട്ടിടത്തിൽ നിലവിൽ അത്യാവശ്യം സൗകര്യങ്ങളുണ്ടെങ്കിലും അത്യാഹിത വിഭാഗം കൂടി വരുകയാണെങ്കിൽ സ്ഥല പരിമിതി അനുഭവപ്പെടും. ആശുപത്രി കെട്ടിടത്തിലെ പ്രവർത്തനങ്ങൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ.ആർ. രേണുക ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ നാലിന് ഉച്ചക്ക് മൂന്നോടെ ഡി.എം.ഒ ആശുപത്രി സന്ദർശിച്ചിരുന്നു. കെട്ടിടത്തിന്റെ ശോചീയാവസ്ഥ വിലയിരുത്തിയതോടെയാണ് തീരുമാനമെടുത്തത്. കെട്ടിടത്തിലെ ദുരിതാവസ്ഥ കാണിച്ച് ആശുപത്രി സംരക്ഷണ സമിതി ഡി.എം.ഒക്ക് നിവേദനവും കൈമാറിയിരുന്നു.
ഓപറേഷൻ തീയേറ്ററിന്റെ ടെൻഡറിൽ ഉടൻ തീരുമാനമായേക്കും
മലപ്പുറം: സാങ്കേതികത്വത്തിൽ കുരുങ്ങിയ കോട്ടപ്പടി താലൂക്ക് ആശുപത്രി ഓപറേഷൻ തീയേറ്ററിൽ തകരാറിലായ വയറിങ്ങും അനുബന്ധ ഉപകരണങ്ങളുടെയും റീടെൻഡറിൽ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ആഴ്ചയാണ് റീടെൻഡറിന് അപേക്ഷ ക്ഷണിച്ചത്. റീ ടെൻഡർ കാലാവധി തിങ്കളാഴ്ചയോടെ അവസാനിക്കും. ഇതോടെ നഗരസഭക്ക് പരിശോധിക്കാനാകും. നേരത്തെ മേയ് 29നാണ് നഗരസഭ ടെണ്ടർ ക്ഷണിക്കാൻ നഗരസഭ നിശ്ചയിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ടെൻഡർ പൂർത്തിയായില്ല.
ടെൻഡർ പൂർത്തിയാകാൻ പ്രത്യേക അനുമതി നൽകണമെന്ന് കാണിച്ച് ജില്ല കലക്ടർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം ജൂൺ 20ന് ടെൻഡർ നടപടികൾ പുനരാരംഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങുകയായിരുന്നു. ആദ്യ ടെണ്ടറിൽ കരാറുകാരന്റെ ലൈസൻസ് സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണ് നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ പോയത്. നിലവിൽ ഓപറേഷൻ തീയേറ്റർ നിശ്ചലമായതിൽ രോഗികളിൽ നിന്നും ജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമുയരുന്നുണ്ട്.
എച്ച്.എം.സി യോഗം ഇന്ന്
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ മാറ്റലും അനുബന്ധ കാര്യങ്ങളും തിങ്കളാഴ്ച ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) ചർച്ച ചെയ്യും. ബലക്ഷയമുള്ള കെട്ടിടത്തിന്റെ സ്ഥിതി, കെട്ടിടത്തിൽനിന്ന് സേവനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി കണ്ടെത്തിയ ഒ.പി വിഭാഗത്തെ സ്ഥല ലഭ്യത തുടങ്ങിയ കാര്യങ്ങൾ ചർച്ചയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

