ഡയാലിസിസ് ധനസഹായം; നടപടി ലഘൂകരിക്കണമെന്ന ആവശ്യം ശക്തം
text_fieldsവളാഞ്ചേരി: ഡയാലിസ് ചെയ്യുന്നവർക്കുള്ള ധനസഹായം വ്യക്തികൾക്ക് നേരിട്ട് വിതരണം ചെയ്യണമെന്നാവശ്യം ശക്തമാകുന്നു. ഏത് സെൻററിൽ വെച്ചാണോ നിലവിൽ രോഗി ഡയാലിസിസ് ചെയ്യുന്നത് ആ സ്ഥാപന മേധാവി തദ്ദേശ സ്വയംഭരണ സെക്രട്ടറിയുമായി ധാരണാപത്രം ഒപ്പിട്ടെങ്കിൽ മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ.
ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം വർധിച്ചതിനാൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻററുകൾക്ക് അസൗകര്യം കാരണം ചികിത്സാ സൗകര്യം ഒരുക്കാൻ സാധിക്കില്ല. അതിനാൽ ഭൂരിഭാഗം രോഗികളും ജില്ലക്ക് അകത്തും, പുറത്തുമുള്ള ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥാപന മേധാവികൾ രോഗി സ്ഥിരമായി താമസിക്കുന്ന തദ്ദേശ സ്വയംഭരണ സെക്രട്ടറിയുമായി ധാരണാപത്രം ഒപ്പിടാനുള്ള സാധ്യത കുറവാണ്. അത് കൊണ്ട് തന്നെ ഇത്തരം രോഗികൾക്ക് നൽകുന്ന ധനസഹായം ലഭിക്കാനും സാധ്യതയില്ല.
ഡയാലിസിസ് ചെയ്യുന്ന സ്ഥാപനത്തിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സെക്രട്ടറിമാർക്ക് കൈമാറിയാൽ ഡയാലിസിസ് ചെയ്യുന്നതിനുള്ള ധനസഹായം രോഗികൾക്ക് നേരിട്ട് ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ധനസഹായം രോഗികൾക്ക് നേരിട്ട് ലഭിക്കുന്നതിനാവശ്യമായ നടപടികൾ ലഘൂകരിക്കുകയാണ് ആവശ്യം. ഡയാലിസിസിന് വിധേയമാകുന്ന രോഗികൾക്ക് തുക നേരിട്ട് നൽകാനാവശ്യമായ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് പാലിയേറ്റിവ് കൂട്ടായ്മ ജില്ല സെക്രട്ടറി വി.പി.എം. സാലിഹ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

