ബഡ്സ് സ്കൂളുകളുടെ നിലവാരം ഉയർത്തും
text_fieldsമലപ്പുറം: ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബഡ്സ് സ്കൂളുകൾ ആരംഭിക്കാനും നിലവിലെ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കുടുംബശ്രീ ജില്ല മിഷന്റെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു. യോഗത്തിൽ ജില്ല കലക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് സ്വാഗതം പറഞ്ഞു. നിലവിൽ ജില്ലയിലുള്ള ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പുതിയ സ്കൂളുകൾ ആരംഭിക്കാനും ഫണ്ടുകൾ ഉപയോഗപ്പെടുത്താൻ യോഗം നിർദേശിച്ചു. ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ ‘ശേഷി’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
ബഡ്സ് വിദ്യാർഥികളുടെ പുനരധിവാസം, ഉപജീവന മാർഗം, നിലവിലെ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ വർഷത്തിൽ മാത്രം 15 പുതിയ ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യണമെന്നും യോഗം നിർദേശിച്ചു. യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് ഓഫിസർ ഷീബ മുംതാസ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ അസ്ക്കർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. സദാനന്ദൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

