കടലാസിൽ ഉറങ്ങുന്ന ബൈപാസ് ഇരുമുന്നണികൾക്കും വിഷയം
text_fieldsഅങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് കടന്നുപോവേണ്ട വലമ്പൂർ റെയിൽവേ ഏഴുകണ്ണിപ്പാലം
പെരിന്തൽമണ്ണ: സർക്കാർ അവഗണനയിൽ കൂമ്പടഞ്ഞുപോയെങ്കിലും പ്രചാരണ ഗോദയിൽ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്. ബൈപാസ് യഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പെരിന്തൽമണ്ണ നഗരസഭ എൽ.ഡി.എഫ് പ്രകടന പത്രികയിലുണ്ട്. ഇതടക്കം നഗരാസൂത്രണ പദ്ധതികൾ പത്രികയിൽ പരാമർശിക്കുന്നുണ്ട്. ആശുപത്രി നഗരത്തിൽ ഇപ്പോഴും തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 2010ൽ നിർദേശിക്കപ്പെട്ടതാണ് ഓരാടംപാലം-മാനത്ത് മംഗലം ബൈപാസ്. വി.എസ്. അച്യുതനന്ദൻ സർക്കാർ ആ വർഷം 10 കോടി രൂപ നീക്കി വെച്ചു. എന്നാൽ, 15 വർഷം കഴിഞ്ഞിട്ടും ബൈപാസ് വന്നില്ല.
വലിയ തുക ചെലവ് വരുന്നതിനാലാണ് സർക്കാർ പിന്തിരിയുന്നത്. ഇടക്ക് ബൈപാസിനു വേണ്ടി ഭൂമി സർവേ നടത്തി. കിഫ്ബി എൻജിനീയറിങ് വിഭാഗം വന്നു അലൈൻമെന്റ് പരിശോധിച്ചു. യു.ഡി. എഫ് സർക്കാർ 2014ൽ ഇവിടെ കുരുക്ക് കഴിക്കാൻ ലക്ഷ്യമിട്ട് അങ്ങാടിപ്പുറം റെയിൽവേ മേൽപാലം നിർമിച്ചു. ദിവസവും 16 തവണ റെയിൽവേ ഗേറ്റ് അടക്കുന്നത് ഒഴിവായി. മേൽപാലം നിർദിഷ്ട ബൈപ്പാസ് പദ്ധതിയുടെ സാധ്യത നഷ്ടപ്പെടുത്തി എന്നാണ് എൽ.ഡി.എഫ് ആരോപണം. ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യുന്ന വേളയിൽ അങ്ങാടിപ്പുറം പഞ്ചായത്തിലും പെരിന്തൽമണ്ണ നഗരസഭയിലും 15 വർഷമായി കടലാസിൽ ഉറങ്ങുന്ന ബൈപാസ് പദ്ധതിയും മുഖ്യ ചർച്ചയാണ്.
തുടരെ 10 വർഷം ഭരിച്ച ഇടത് സർക്കാർ ബൈപാസ് യഥാർഥ്യമാക്കാൻ ചെറുവിരൽ അനക്കിയില്ലെന്നും പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ബൈപാസ് യഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് എൽ.ഡി.എഫ് നഗരസഭ പ്രകടന പത്രികയിൽ പറയുന്നതെന്നുമാണ് യു.ഡി.എഫ് പ്രചാരണ വേദികളിൽ ഉയർത്തുന്ന ചോദ്യം. 10 വർഷം ഭരിച്ച സംസ്ഥാന സർക്കാറിന് കഴിയാത്തത് നഗരസഭക്ക് എങ്ങനെ കഴിയുമെന്നും കുടുംബ യോഗങ്ങളിൽ യു.ഡി.എഫ് ഉയർത്തുന്നു. ഏതാനും മാസം മുമ്പ് വ്യാപാരികൾ സർക്കാറിന് എതിരെ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കും ബൈപാസിനോടുള്ള അവഗണനയും വിഷയമാക്കി സമര പ്രഖ്യാപനം നടത്തിയിരുന്നു.
അതേസമയം, എല്ലാ വികസന പദ്ധതികൾക്ക് പിന്നിലും എം.എൽ.എമാരുടെ നിരന്തര പരിശ്രമങ്ങൾ വേണമെന്നും പെരിന്തൽമണ്ണയിലും മങ്കടയിലും അങ്ങനെ ഉണ്ടാവുന്നില്ലെന്നും ബൈപാസ് അടക്കം പ്രധാന പദ്ധതികൾ നടപ്പാവാതെ പോയതിന് അതും കാരണമാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലും പെരിന്തൽമണ്ണ നഗരസഭയിലും മുഖ്യവികസന വിഷയം തീരാത്ത ഗതാഗതക്കുരുക്കും കടലാസിൽ ഉറങ്ങുന്ന ഓരാടംപാലം-മാനത്ത്മംഗലം ബൈപാസ് പദ്ധതിയും ആയത് കൂടുതൽ അലോസരപ്പെടുത്തുന്നത് സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിക്കുന്ന ഇടതുമുന്നണിയെ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

