മഞ്ഞപ്പിത്തം ബാധിച്ച് മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsമലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) ഒരാൾ മരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിൽ 41കാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ 22നാണ് ഇദ്ദേഹത്തിന് രോഗം രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടണം.
പ്രതിരോധ മാർഗങ്ങൾ
തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

