തേഞ്ഞിപ്പലത്തെ പട്ടാപ്പകല്‍ കവര്‍ച്ച: തുമ്പില്ലാതെ പൊലീസ്
text_fieldsതേഞ്ഞിപ്പലം: ആളില്ലാത്ത സമയത്ത് വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തെ വലയിലാക്കാനുള്ള പൊലീസ് പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് തെളിവുകള്‍ സൂക്ഷിക്കുന്നതിലെ ജാഗ്രതക്കുറവ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്താണ് മിക്കയിടങ്ങളിലും കവര്‍ച്ച നടത്തിയത്.
15ലധികം പവന്റെ സ്വര്‍ണാഭരണങ്ങള്‍ പട്ടാപ്പകല്‍ കവര്‍ന്ന കേസില്‍ വാടക വീടിന്റെ പിന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷ്ടാക്കളുടെ പ്രവേശനം. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര സമീപവാസികള്‍ക്ക് വീട്ടുകാര്‍ കാണിച്ചുകൊടുക്കാനായി കൈയ്യിലെടുത്തത് തെളിവ് നഷ്ടപ്പെടാനിടയാക്കിയെന്നാണ് പൊലീസ് നിരീക്ഷണം. പൊലീസ് നായ മണം പിടിച്ച് മുന്നോട്ടുപോകുന്നതിനും കവര്‍ച്ച സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമാക്കാനും ഇത് വിഘാതമായെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് നായ മണം പിടിച്ചെത്തിയ സ്ഥലത്തുനിന്ന് കണ്ടെടുത്ത പാവാട വീട്ടുകാരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അതും അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. കവര്‍ച്ച നടന്ന വീടുകളുടെ സമീപത്ത് സി.സി.ടി.വി കാമറകളില്ലാതിരുന്നതും കവര്‍ച്ച സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായി. കവര്‍ച്ച നടന്ന തേഞ്ഞിപ്പലം ഇല്ലത്ത്പറമ്പ് സ്കൂളിന് സമീപത്തെ വീട്ടുപ്രദേശത്തും സര്‍വകലാശാല ക്വാര്‍ട്ടേഴ്സ് പരിസരത്തും സി.സി.ടി.വി കാമറകളുണ്ടായിരുന്നില്ല.
തേഞ്ഞിപ്പലം സ്റ്റേഷന് അധികം അകലെയല്ലാത്ത സര്‍വകലാശാല ക്വാര്‍ട്ടേഴ്സിലാണ് ഒടുവിലായി മോഷണം നടന്നത്. ഇവിടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അരിച്ചുപെറുക്കിയിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. ഇത് പൊലീസ് വാദത്തിന്റെ മുനയൊടിക്കുന്നതാണെന്ന വിമര്‍ശനവുമുണ്ട്.
തേഞ്ഞിപ്പലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പ്പെടുന്ന ഇല്ലത്ത് സ്കൂളിന് സമീപത്തെ വാടകവീട്ടില്‍നിന്ന് 15ലധികം പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകലാശാല ജീവനക്കാരന് കുടുംബസമേതം താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ ആളില്ലാത്ത നേരത്ത് അതിക്രമിച്ച് കയറി മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങളും 2000 രൂപയും കവര്‍ന്നത്. സര്‍വകലാശാല ജീവനക്കാരനായ നസീമുദ്ദീനും കുടുംബവും താമസിക്കുന്ന ഡി 22 ക്വാര്‍ട്ടേഴ്സിലായിരുന്നു കവര്‍ച്ച. ഇതാണ് ഒടുവിലത്തെ സംഭവം.