ഇത് കുട്ടികളുടെ സ്വന്തം റൊണാൾഡോ; സമൂഹമാധ്യമങ്ങളിൽ വൈറലായി കട്ടൗട്ട്
text_fieldsഅഹമ്മദ് മർവാൻ, മുഹമ്മദ് അൻഷിബ്, ഹിഷാൻ എന്നിവർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടിന് മുന്നിൽ
വെട്ടത്തൂർ: കുട്ടികൾ സ്വയംനിർമിച്ച് സ്ഥാപിച്ച കട്ടൗട്ട് സോഷ്യൽ മീഡിയയിൽ വൈറൽ. ഈസ്റ്റ് മണ്ണാർമലയിലെ മൂന്ന് വിദ്യാർഥികൾ സ്ഥാപിച്ച കട്ടൗട്ടാണ് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ പങ്കുവെച്ചത്. കടലാസ് പെട്ടി ഉപയോഗിച്ച് നിർമിച്ച, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടിൽ സ്വയം പെയിന്റടിച്ച് റോഡരികിലെ തെങ്ങിൽ സ്ഥാപിക്കുകയായിരുന്നു.
താരത്തിന്റെ മുഖം മാത്രം ചിത്രത്തിൽനിന്ന് വെട്ടിയൊട്ടിക്കുകയും ബാക്കിയുള്ളവ കട്ടിക്കടലാസുമാണ്. എം.ടി. അഷ്റഫിന്റെ മകൻ മുഹമ്മദ് അൻഷിബ്, കെ. നജീബിന്റെ മകൻ ഹിഷാൻ, എം.ടി. ശാഹുൽ ഹമീദിന്റെ മകൻ അഹമ്മദ് മർവാൻ എന്നിവരാണ് വ്യാഴാഴ്ച രാവിലെ കട്ടൗട്ട് സ്ഥാപിച്ചത്. മൂവരും റൊണാൾഡോയുടെ ആരാധകരാണ്.
കട്ടൗട്ടിന് മുന്നിൽ കുട്ടികൾ നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈറലായത്. അൻഷിബും ഹിഷാനും പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മർവാൻ പച്ചീരി എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഫേസ്ബുക്ക് പേജുകളിലും ഫുട്ബാൾ ഫാൻസ് പേജുകളിലും കട്ടൗട്ട് ചിത്രം ഇടംപിടിച്ചു.
നിരവധി പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തത്. 'ഇതിനേക്കാൾ പൊക്കമുള്ളതിനി എവിടെ' എന്ന തലക്കെട്ടോടെയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

