പ്രസവത്തിനിടെ യുവതിയുടെ മരണം; ഭർത്താവ് നാല് ദിവസം കസ്റ്റഡിയിൽ
text_fieldsമലപ്പുറം: ഈസ്റ്റ് കോഡൂരിൽ വാടക വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് നാല് ദിവസം കസ്റ്റഡിയിൽ വാങ്ങി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ശ്രമം. ചൊവ്വാഴ്ച സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി നരഹത്യ കുറ്റം ചുമത്തിയിരുന്നു. ബി.എൻ.എസ് ആക്ട് 105, 238 വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം തിങ്കളാഴ്ചയാണ് മലപ്പുറം പൊലീസിന് കൈമാറിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ ഭാര്യയുടെ മൂന്ന് പ്രസവങ്ങളും വീട്ടിൽ വെച്ചാണ് നടത്തിയതെന്ന് സിറാജുദ്ദീൻ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഏപ്രിൽ ആറിനാണ് പെരുമ്പാവൂർ അറക്കപ്പടി കൊപ്പറമ്പിൽ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകൾ അസ്മ മരിച്ച വിവരം പുറംലോകം അറിയുന്നത്. ഏപ്രിൽ അഞ്ചിന് വൈകീട്ടോടെയാണ് വാടക വീട്ടിൽ പ്രസവം നടന്നത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം രാത്രിയിൽ ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

