സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് തുടക്കം
text_fieldsസി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് മുന്നോടിയായി തലമുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തുന്നു
പൊന്നാനി: രണ്ട് ദിവസങ്ങളിലായി പൊന്നാനിയിൽ നടക്കുന്ന സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് ഉജ്ജ്വല തുടക്കം. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ആർ.വി പാലസിൽ ശനിയാഴ്ച രാവിലെ 9.30ന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. രാവിലെ പത്തിന് പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റംഗം വി.എം. ഷൗക്കത്തിന്റെ അധ്യക്ഷതയിൽ വി. ശശികുമാർ രക്തസാക്ഷി പ്രമേയവും കെ.പി. അനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, സി.എസ്. സുജാത, എം. സ്വരാജ്, വി. ശിവൻകുട്ടി, ടി.കെ. ഹംസ, പി.കെ. സൈനബ, പി.പി. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി വി.പി. അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ഗ്രൂപ്പ് ചർച്ചയും വൈകീട്ട് പൊതുചർച്ചയും തുടങ്ങി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പ്രതിനിധി യോഗം സമാപിക്കും. വൈകീട്ട് 4.30ന് പൊതുപ്രകടനം ആരംഭിക്കും. തീരദേശത്തെ ഏഴ് ഏരിയ കമ്മിറ്റികളിൽനിന്നായി അരലക്ഷം പേർ പ്രകടനത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്താനും സംഘടന പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനുമാണ് വിപുലീകൃത ജില്ല കമ്മിറ്റി വിളിച്ചുചേർത്തിരിക്കുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമാണ് ജില്ലകളിൽ യോഗം ചേർന്നുവരുന്നത്. ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളും, 42 ജില്ല കമ്മിറ്റി അംഗങ്ങളും, 18 ഏരിയ കമ്മിറ്റികളിൽ നിന്നായി 64 പ്രതിനിധികളും, വർഗബഹുജന സംഘടനകളിൽ നിന്ന് 33 പ്രതിനിധികളും ഉൾപ്പെടെ 141 പ്രതിനിധികളാണ് വിപുലീകൃത യോഗത്തിൽ പങ്കെടുക്കുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ചുവടുപിടിച്ച് ജില്ല കമ്മിറ്റിയിലും ജില്ല സെക്രട്ടേറിയറ്റിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പാർട്ടി ഏരിയ നേതാക്കളും വർഗബഹുജന സംഘടന പ്രതിനിധികളും പുതുതായി കമ്മിറ്റിയിലെത്തിയേക്കും.
ഇടതിനെതിരെ ലീഗ്, എല്ലാ മുസ്ലിം സംഘടനകളെയും അണിനിരത്തി -സി.പി.എം
പൊന്നാനി: ജില്ലയില്‍ രൂപപ്പെടുന്ന വര്‍ഗീയശക്തികളുടെ സ്വാധീനം ചെറുത്തുതോല്‍പ്പിക്കണമെന്ന് സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി പ്രമേയത്തില്‍ ആശ്യപ്പെട്ടു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം വര്‍ഗീയശക്തികളുടെ സ്വാധീനത്തിന്റെകൂടി ഫലമാണ്. സംഘ്പരിവാര്‍ രാഷ്ട്രീയ പ്രചാരണവും മുസ്ലിം ന്യൂനപക്ഷ ഏകീകരണവും ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘ്പരിവാറിനും ഇതര വര്‍ഗീയ താല്പര്യക്കാര്ക്കും മുഖ്യശത്രു ഇടതുപക്ഷമാണ്. ലീഗും ജമാഅത്തെ ഇസ്ലാമിയും കുറച്ചുകാലമായി യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത്.
പത്ത് വര്‍ഷം ഭരണത്തില്‍ പങ്കാളിത്തമില്ലാത്തത് ലീഗിനെ പൊറുതിമുട്ടിച്ചിരുന്നു. അതുകൊണ്ടാണ് എല്ലാ മുസ്ലിം സംഘടനകളെയും കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനമെന്ന ലക്ഷ്യത്തോടെ അവര്‍ പ്രവര്‍ത്തിച്ചത്. തിരുനാവായയില്‍ നടന്ന കുംഭമേള ജില്ലയെ ലക്ഷ്യംവെച്ചുള്ള സംഘ്പരിവാറിന്റെ ദീര്‍ഘകാല പദ്ധതിയാണ്. വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദപരമായ സമീപനമാണ്. വര്‍ഗീയവത്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് അണിനിരക്കണമെന്നും വിപുലീകൃത ജില്ല കമ്മിറ്റി അഭ്യര്‍ഥിച്ചു. തീരദേശത്തെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമം മുസ്ലിം ലീഗ് ഉപേക്ഷിക്കണമെന്നും ജില്ല കമ്മിറ്റി പ്രമേയത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

