കോവിഡ് വാക്സിന് ഡ്രൈറൺ നടത്തി, ജില്ല സർവ സജ്ജം
text_fieldsനിലമ്പൂർ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ഡ്രൈ റണ്‍ വാക്സിൻ കുത്തിവെപ്പ്
മലപ്പുറം: കോവിഡ് വാക്സിന് കുത്തിവെപ്പിനായി നടത്തിയ ഡ്രൈ റണ്‍ ജില്ലയില്‍ പൂര്‍ത്തിയായി. നിലമ്പൂര്‍ ജില്ല ആശുപത്രി, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നടന്ന ഡ്രൈ റണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ കെ. സക്കീന നേതൃത്വം നല്കി. കോവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 24,238 പേരില്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍നിന്ന് നല്കിയ ലിസ്റ്റിലുള്ള 25 ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവെയ്പ്പിനായി തിരഞ്ഞെടുത്തത്.
കാത്തിരിപ്പു മുറി, കുത്തിവെയ്പ് മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് വാക്സിനേഷന് റൂം ഒരുക്കിയിരിക്കുന്നത്. വാക്സിനേഷന് ടീമില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന് ഓഫിസര്‍മാരും ഉള്‍പ്പെടെ അഞ്ച് പേരാണുള്ളത്. രാവിലെ ഒമ്പതു മുതല്‍ 11 വരെയായിരുന്നു ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. വാക്സിന് രജിസ്ട്രേഷന് മുതല്‍ നിരീക്ഷണം വരെ വാക്സിനേഷന് നല്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്.
കോവിഡ് വാക്സിനേഷനായി ജില്ലയെ സജ്ജീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയില്‍ മൂത്തേടം, മാസ് മീഡിയ ഓഫിസര്‍ രാജു, ആര്.സി.എച്ച് ഡോ. രാജേഷ്, എം.സി.എച്ച് യശോദ, നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അബൂബക്കര്‍, ആര്.എം.ഒ ഡോ. ബഹറുദ്ദീന്‍, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.എന്‍. അനൂപ്, പി.പി യൂനിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രവീണ, വാക്സിന് കോള്‍ ചെയിന്‍ മാനേജര്‍ ലിജി കൃഷ്ണ, ആശുപത്രി ജീവനക്കാര്‍ എന്നിവർ സംബന്ധിച്ചു.
പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നടന്ന ട്രയല്‍ റണ്ണില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍, ഡി.പി.എം. ഡോ. എ. ഷിബുലാല്‍, കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. അനീഷ്, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ പി.എം. ഫസല്‍, അല്‍ഷിഫ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. യഹിയ, അല്‍ഷിഫാ യൂനിറ്റ് ഹെഡ് കെ.സി. പ്രിയന്, നഴ്സിങ് സൂപ്രണ്ട് ഷേര്‍ളി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

