മലപ്പുറം: യു.എ.ഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനക്ക് ആശ്രയം സ്വകാര്യ ലാബുകൾ മാത്രം. സർക്കാർ ലാബുകളിൽ ആയിരക്കണക്കിന് രോഗ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കുന്ന തിരക്കായതിനാലാണിത്. രോഗലക്ഷണമുള്ളവരുടെ ഫലം വൈകുന്നെന്ന പരാതി നിലവിലുണ്ട്. വിദേശത്തേക്ക് മടങ്ങുന്നവർക്ക് സർക്കാർ ലാബുകളിൽ പരിശോധന നടത്താൻ അനുമതി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കോവിഡ് പരിശോധനക്ക് കേരളത്തിൽ ഐ.സി.എം.ആർ അംഗീകരിച്ചത് 16 സർക്കാർ ലാബുകളടക്കം 23 ലാബുകളെയാണ്. ആലപ്പുഴ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം, മഞ്ചേരി, കോട്ടയം, കണ്ണൂർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ച്, കോട്ടയം ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷാലിറ്റി, തലശ്ശേരി മലബാർ കാൻസർ സെൻറർ, കാസർകോട് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലാണിത്. ഡി.ഡി.ഡി.ആർ.സി എസ്.ആർ.എൽ പനമ്പിള്ളി നഗർ, മിംസ് കോഴിക്കോട്, അമൃത കൊച്ചി, ഡേൻ ഡയഗ്നോസ്റ്റിക് പാലക്കാട്, മെഡി വിഷൻ കൊച്ചി, എം.വി.ആർ കാൻസർ സെൻറർ മുക്കം കോഴിക്കോട്, അസ ഡയഗ്നോസ്റ്റിക് സെൻറർ കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്വകാര്യ പരിശോധന ലാബുകൾ. യാത്രയുടെ 96 മണിക്കൂർ മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനഫലം നെഗറ്റീവായാലാണ് അനുമതി കിട്ടുക.
സ്വകാര്യ ലാബുകളിൽ നേരത്തെ ബുക്ക് ചെയ്താണ് പരിശോധന നടത്തുന്നത്. 3000-4500 രൂപവരെയാണ് ഇൗടാക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ സ്വകാര്യ ലാബുകളിലെ പരിശോധന നിരക്ക് സർക്കാറുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.