മലപ്പുറം നഗരത്തിലെ പഴയ ഇ-ശുചിമുറി നീക്കാൻ കൗൺസിൽ തീരുമാനം
text_fieldsമലപ്പുറം: 2024-25 വർഷത്തെ ബജറ്റിൽ അനുവദിച്ച നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ മുന്നോടിയായി കോട്ടപ്പടി, മൂന്നാംപടി പാസ്പോർട്ട് സേവകേന്ദ്രം എന്നിവിടങ്ങളിലെ ഇ-ശുചിമുറികൾ പൂർണമായി നീക്കാൻ ശനിയാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നഗര സൗന്ദര്യവത്കരണത്തിൽ മികച്ച ശുചിമുറികൾ കൂടി വരുന്നത് മുന്നിൽ കണ്ടാണ് ഇവ സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നത്.
നിലവിൽ ശുചിമുറികൾ രണ്ടിടങ്ങളിലും നോക്ക് കുത്തിയായി നിൽക്കുകയാണ്. 2015 ലാണ് നഗരസഭ ഇ-ശുചിമുറികള്‍ സ്ഥാപിച്ചത്. 12.6 ലക്ഷമാണ് ഒരു യൂനിറ്റിന് ചെലവുവന്നത്. 2016 മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. എന്നാല്‍ 2018 ഓടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ആദ്യഘട്ടത്തില്‍ ശുചീകരണമുള്‍പ്പെടെ കൃത്യമായ മേല്‍നോട്ടം നല്കിയതിനാല് നഗരത്തിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ഇവയെ ആശ്രയിച്ചിരുന്നു. പിന്നീട് നഗരസഭയുടെ മേല്‍നോട്ടം നിലച്ചതോടെ പ്രവർത്തനം നിലച്ചു.
നടത്തിപ്പുകാരുടെ ചെറിയ വീഴ്ചകളും പദ്ധതിയെ ബാധിച്ചു. കൃത്യമായി വൈദ്യുതി, ജല ബില്ലുകള്‍ അടക്കാതെ വന്നതോടെ ശുചിമുറിയുടെ നില പരുങ്ങലിലായി. ഇ-ശുചിമുറികൾ മാറ്റി പുതിയത് വരുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

