അഴിമതി: സ്ഥിരംസമിതി അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം
text_fieldsവിജിലൻസ് അന്വേഷണം നേരിടുന്ന മലപ്പുറം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ബാനർ ഉയർത്തി പ്രതിഷേധിക്കുന്നു
മലപ്പുറം: 2017ല്‍ നടന്ന തെരുവുവിളക്ക് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച ഉച്ചക്ക് 12ന് വിളിച്ചുചേർത്ത യോഗമാണ് പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ കൗൺസിലർമാർ ബഹിഷ്കരിച്ചത്. കൗൺസിൽ യോഗം ആരംഭിച്ച ഉടനെ, തെരുവ് വിളക്ക് അഴിമതിയും വിജിലൻസ് അന്വേഷണവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗ അജണ്ടകൾ ചർച്ച ചെയ്തശേഷം അന്വേഷണവുമായി ബന്ധപ്പെട്ട കാര്യം ചർച്ചക്ക് എടുക്കാമെന്ന് നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി വ്യക്തമാക്കി.
അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വിജിലൻസ് അന്വേഷണം ചർച്ച ചെയ്യണമെന്നും ആരോപണ വിധേയനായ സ്ഥിരംസമിതി അധ്യക്ഷൻ തൽസ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷം നിലപാടെടുത്തു. ഇക്കാര്യം അംഗീകരിക്കാൻ ഭരണസമിതി തയാറായില്ല. യോഗ അജണ്ട നടപടികളുമായി മുന്നോട്ടുപോയി. ഇതോടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തമാക്കി. എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം തയാറായില്ല. തുടർന്ന് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ് ഒ. സഹദേവന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോവുകയായിരുന്നു. നഗരസഭ പരിസരത്ത് പ്രകടനവും നടത്തി. 2017ല്‍ നടന്ന തെരുവ് വിളക്ക് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് മലപ്പുറം നഗരസഭയില്‍ ഫയലുകള്‍ ശേഖരിക്കാനെത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് വിജിലന്‍സ് എത്തിയത്. 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിവിധ വാര്‍ഡുകളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനും അറ്റകുറ്റപ്പണിക്കുമായി 20 ലക്ഷം നീക്കിവെച്ചത്. ഉഷ ഇലക്ട്രോണിക്സിന്റെ 3130 ബോര്‍ഡുകള്‍ വാങ്ങാന്‍ വി.വി. മുഹമ്മദ് ഫൈസലിനാണ് നഗരസഭ 16,07,870 രൂപക്ക് കരാര്‍ നല്‍കിയത്. എന്നാല്‍, 378 രൂപ വിലയുള്ള 150 ബോര്‍ഡുകള്‍ മാത്രമാണ് എത്തിച്ചത്. ശേഷം ഗുണമേന്മ കുറഞ്ഞ 2980 എണ്ണം വരുത്തി. കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്ഥിരംസമിതി അധ്യക്ഷൻ രാജിവെക്കണം -സി.പി.എം
മലപ്പുറം: അഴിമതിക്കേസിൽ വിജിലൻസ് കോടതി പ്രതിചേർത്ത മലപ്പുറം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ രാജിവെക്കണമെന്ന് സി.പി.എം മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിക്കാരനെ സംരക്ഷിക്കുന്ന നഗരസഭ അധ്യക്ഷനും ലീഗ് നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഒ. സഹദേവൻ അധ്യക്ഷത വഹിച്ചു. കെ. മജ്നു, ഇ.എൻ. ജിതേന്ദ്രൻ, കെ.പി. ഫൈസൽ, സി.എം. നാണി, വി. സുനിൽ കുമാർ, പി. ഷഹർബാൻ, പി.പി. സിബിയാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

