പോത്തുകല്ലിലെ തുടര്‍ച്ചയായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
text_fieldsമലപ്പുറം: നിലമ്പൂര്‍ പോത്തുകല്‍ പഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍നിന്ന് വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു.
ഡിസംബര്‍ 3, 7, 9 തീയതികളിലാണ് പ്രദേശത്ത് വീണ്ടും ഭൂമിക്കടിയില്‍ ശബ്ദവും പ്രകമ്പനവും ഉണ്ടായത്. എന്നാല്‍, തൃശൂര്‍ പീച്ചി സ്റ്റേഷനില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഭൂമി കുലുക്ക തരംഗങ്ങളൊന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകമ്പനങ്ങളെയും ശബ്ദങ്ങളെയും കുറിച്ച് പഠിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍ നിന്നും ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം പഠനം നടത്തിയിരുന്നു.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് തികച്ചും പ്രാദേശികമായി ഉണ്ടാകുന്ന സംഭവമാണെന്നും പ്രദേശത്ത് അമിതമായി കാണുന്ന കുഴല്‍ കിണറുകളും അവയുടെ ഉപയോഗവും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഭൂമിക്കടിയില്‍ പാറകള്‍ തെന്നിമാറുമ്പോഴും ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വരും മാസങ്ങളില്‍ പീച്ചി, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്നും ഭൂമികുലുക്കവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ ശേഖരിക്കുമെന്ന് വിദഗ്ധ സംഘം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

