ദേശീയപാത ഇടിമൂഴിക്കലിൽ കണ്ടെയ്നർ ലോറി മറിഞ്ഞു
text_fieldsദേശീയപാത ഇടിമൂഴിക്കലിൽ മറിഞ്ഞ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
ചേലേമ്പ്ര: ദേശീയപാത ഇടിമൂഴിക്കലിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ച കൊളക്കുത്ത് റോഡിന് സമീപമാണ് ലോറി മറിഞ്ഞത്. സ്ഥലത്തെ പ്രധാന വൈദ്യുതി പോസ്റ്റും തകർത്താണ് ലോറി നിന്നത്. ഇതോടെ വൈദ്യുതി ബന്ധവും തകരാറിലായി. ദേശീയപാത നവീകരണ ഭാഗമായി നിർമിച്ച പുതിയ സർവിസ് റോഡിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. തകർന്ന പോസ്റ്റ് മാറ്റിയ ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിലും കൊളക്കുത്ത് റോഡിലുമായി വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
ദേശീയപാത നിർമാണം നടക്കുന്ന റോഡിലൂടെയാണ് വാഹനങ്ങൾ ആദ്യം തിരിച്ചുവിട്ടത്. രാവിലെ എട്ടിന് ക്രെയിൻ ഉപയോഗിച്ച് എൻജിൻ ഭാഗവും പിന്നീട് കണ്ടെയ്നറും മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് യൂനിവേഴ്സിറ്റി ഭാഗത്തേക്കുള്ള ഗതാഗത തടസ്സം പുല്ലിപ്പറമ്പ് റോഡ് വരെ നീണ്ടു. ജോലിക്കാരും വിദ്യാർഥികളുമടക്കമുള്ളവർ ഗതാഗതക്കുരുക്ക് മൂലം ദുരിതത്തിലായി.
വെളിച്ചക്കുറവും സുരക്ഷ ബോർഡുകളും ഇല്ലാത്തതാണ് ഇവിടെ തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണം. അപകടങ്ങളെല്ലാം രാത്രിയായത് കൊണ്ടാണ് വലിയ അത്യാഹിതങ്ങൾ ഒഴിവാകുന്നത്. അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

