‘എസ്കവേറ്റർ കൊണ്ട് കുളം നിർമിച്ചത് തൊഴിലുറപ്പ് പദ്ധതിക്ക് കളങ്കം’
text_fieldsകരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ ചുള്ളിയോട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ എസ്കവേറ്റർ കൊണ്ട് കുളം നിർമിച്ച നടപടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും ഗ്രാമപഞ്ചായത്തിനും കളങ്കമായെന്ന് ജില്ല ഓംബുഡ്സ്മാൻ ഉത്തരവ്. വ്യവസ്ഥകൾ പാലിക്കാതെയും നടപടിക്രമങ്ങൾ ലംഘിച്ചുമാണ് പദ്ധതിയുടെ നിർവഹണം നടന്നതെന്നും ഉത്തരവാദികളായ മൂന്ന് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാൻ സി. അബ്ദുറഷീദ് ഉത്തരവിൽ പറയുന്നു.
അന്വേഷണം പോലും നടത്താതെ തൊഴിലാളികൾക്ക് തൊഴിൽ കാർഡുകൾ നൽകിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവർക്ക് വീഴ്ച സംഭവിച്ചതായും ഓംബുഡ്സ്മാൻ കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതിയിൽ 2021-22 വർഷത്തിലാണ് മത്സ്യകൃഷിക്ക് അടിസ്ഥാന സൗകര്യം ഒരുക്കൽ എന്ന പേരിൽ കുളം നിർമിച്ചത്. നിലവിലുണ്ടായിരുന്ന കുളം എസ്കവേറ്റർ കൊണ്ട് ആഴവും വീതിയും കൂട്ടുക മാത്രമാണ് ചെയ്തത്.
തൊഴിലുറപ്പ് പദ്ധതിയാണെന്ന കാര്യം മറച്ചുവെച്ച് നടത്തിയ പ്രവൃത്തിക്ക് തൊഴിൽ കാർഡുകൾ വഴി 1,59,177 രൂപ കൈപ്പറ്റുകയും ചെയ്തു. വിവാദമായതോടെ തുക തിരിച്ചടച്ചെങ്കിലും പരാതിയിൽ ഓംബുഡ്സ്മാൻ നേരിട്ടെത്തി അന്വേഷണം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വാർഡ് അംഗം എന്നിവരിൽ നിന്ന് വിവരങ്ങളെടുത്ത ഓംബുഡ്സ്മാൻ രേഖകളും കുളവും വിശദമായി പരിശോധിക്കുകയും ചെയ്തു. വാർഷിക ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും മോണിറ്ററിങ് നടന്നിട്ടേയില്ലെന്നും ഉദ്യോഗസ്ഥർ പരിശീലനം ലഭിക്കാത്തവരാണെന്നും ഓംബുഡ്സ്മാൻ കണ്ടെത്തി.
എൻജിനീയർ എൻ.എ. അഞ്ജന, ഓവർസിയർമാരായ പി.കെ. ഷംനാദ്, ടി. മുഹമ്മദ് ആഷിഖ് എന്നിവർക്കെതിരെയാണ് നടപടിക്ക് നിർദേശമുള്ളത്. നിയമന അധികാരികൾ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് ബോർഡാണ് നടപടിയെടുക്കേണ്ടത്.
വാർഡ് അംഗത്തിന്റെ മൊഴി അവിശ്വസനീയമെന്ന്
കരുവാരകുണ്ട്: കുളം നിർമാണ വിഷയത്തിൽ ചുള്ളിയോട് വാർഡ് അംഗം ഷീബ പള്ളിക്കുത്തിന്റെ മൊഴി വിശ്വസനീയമല്ലെന്ന് ഓംബുഡ്സ്മാൻ. പദ്ധതിയെക്കുറിച്ച് അറിയില്ലെന്നും സൈറ്റ് ഡയറിയിലെ ഒപ്പുകൾ തന്റേതല്ലെന്നും പണം പിൻവലിച്ചത് അറിഞ്ഞില്ലെന്നുമാണ് ഷീബയുടെ വാദം. എന്നാൽ പ്രവൃത്തിക്ക് അനുമതി നൽകിയ രണ്ട് ബോർഡ് യോഗങ്ങളിലും ഷീബ മുഴുസമയവും പങ്കെടുത്തിട്ടുണ്ട്. പ്രവൃത്തിക്കായി വി.ഇ.ഒയുടെ സാക്ഷ്യപത്രം ഓഫിസിൽ ഹാജരാക്കിയതും അംഗം തന്നെയാണ്. ഇക്കാര്യം ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പദ്ധതിയെ കുറിച്ച് അറിയില്ലെന്ന മൊഴി അവിശ്വസനീയമാണെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

